സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം അടുത്ത മാസം മുതല്‍ പിടിക്കും; സമ്മതമല്ലാത്തവര്‍ ഉടന്‍ അറിയിക്കണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കും. ഇതിനുള്ള ഉത്തരവ് ധനവകുപ്പ് ചൊവ്വാഴ്ച രാത്രി പുറത്തിറക്കി. ശമ്പളം നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ ഒപ്പിട്ടുനല്‍കേണ്ട ഒറ്റവരി പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

നേരത്തേ പറഞ്ഞിരുന്നതുപോലെ പരമാവധി പത്ത് ഗഡുക്കളായിട്ടായിരിക്കും ശന്പളം ഈടാക്കുക. സെപ്റ്റംബറിലെ ശമ്പളംമുതല്‍ വിഹിതം പിടിക്കും. പ്രതിപക്ഷ അധ്യാപക സര്‍വീസ് സംഘടനകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ശമ്പളം പിടിക്കാനുള്ള സമ്മതപത്രം വേണമെന്ന വ്യവസ്ഥ അംഗീകരിച്ചിട്ടില്ല. എന്നാല്‍, പി.എഫ്., ആര്‍ജിതാവധി എന്നീ ഇനത്തില്‍നിന്ന് വിഹിതം നല്‍കാം എന്നതുള്‍പ്പെടെ ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നല്‍കുന്ന തുകയുടെ ഗഡുക്കളുടെ എണ്ണം കൂട്ടിയിട്ടില്ല. ശമ്പളപരിഷ്‌കരണത്തിലെ കുടിശ്ശികത്തുക നിധിയിലേക്ക് ഈടാക്കും. ഈ സെപ്റ്റംബറിലെ ഗ്രോസ് സാലറി അടിസ്ഥാനമാക്കിയാണ് ഒരുമാസത്തെ ശമ്പളത്തുക കണക്കാക്കുക. ഇങ്ങനെ ഒരുമാസത്തെ ആകെ ശമ്പളത്തിന് തത്തുല്യമായ തുകയായിരിക്കും പത്ത് ഗഡുക്കളായി ഈടാക്കുക.

മറ്റ് വ്യവസ്ഥകള്‍:

* പി.എഫില്‍നിന്ന് സെപ്റ്റംബറിലെ ശമ്പളത്തിന് തുല്യമായ തുക നല്‍കാം. ഇതിന് ജീവനക്കാര്‍ ഉടന്‍ അപേക്ഷ നല്‍കണം.

* ഒരുമാസത്തെ ശമ്പളം നല്‍കുന്നതിന് പകരം സെപ്റ്റംബറിലെ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ 30 ദിവസത്തെ ആര്‍ജിതാവധി സറണ്ടര്‍ചെയ്ത് അവധിശമ്പളം നിധിയിലേക്ക് കൈമാറാം. നടപ്പ് സാമ്പത്തികവര്‍ഷം ഒരുപ്രാവശ്യം സറണ്ടര്‍ ചെയ്തുകഴിഞ്ഞവരുടെ ആര്‍ജിതാവധി അക്കൗണ്ടില്‍ 30 ദിവസത്തെ അവധി അവശേഷിക്കുന്നുവെങ്കില്‍ അവര്‍ക്ക് ഒരുപ്രാവശ്യംകൂടി 30 ദിവസത്തേത് സറണ്ടര്‍ ചെയ്യാന്‍ പ്രത്യേക അനുമതിയുണ്ട്. ഇതിനും അപേക്ഷ നല്‍കണം.

* പത്തുമാസംകൊണ്ട് ഗ്രോസ് സാലറി നല്‍കാന്‍ പറ്റാത്തവര്‍ക്ക് പി.എഫ്. വായ്പാ തിരിച്ചടവിന് സെപ്റ്റംബറിലെ ശമ്പളംമുതല്‍ പത്തുമാസത്തേക്ക് അവധി കിട്ടും. തിരിച്ചടവ് കാലാവധിക്കുമുമ്പ് വിരമിക്കുന്ന ജീവനക്കാരുടെ തിരിച്ചടവില്‍ ബാക്കിയുള്ള തുക അവരുടെ ഡി.സി.ആര്‍.ജി.യില്‍ ക്രമീകരിക്കും. ഇതിന് പി.എഫ്. ചട്ടങ്ങള്‍ ഇളവ് ചെയ്തു.

* ശമ്പളപരിഷ്‌കരണ കുടിശ്ശികത്തുക നിധിയിലേക്ക് പിടിക്കുമ്പോള്‍ ബാക്കിയുള്ള തുക ഒറ്റത്തവണയായോ പത്തുഗഡുക്കളായോ നല്‍കാം.

* നേരത്തേ സംഭാവന ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒരുമാസത്തെ ശമ്പളത്തുകയില്‍നിന്ന് കുറവുചെയ്യും. ഇതിന് സംഭാവന നല്‍കിയതിന്റെ രസീത് സഹിതം ഡി.ഡി.ഒ.മാര്‍ക്ക് അപേക്ഷ നല്‍കണം.

* ശമ്പളം നല്‍കാന്‍ വിമുഖതയുള്ളവര്‍ വിസമ്മത പ്രസ്താവന 22-നകം നല്‍കണം.

സംഭാവന നല്‍കാന്‍ സമ്മതമല്ല എന്ന പ്രസ്താവന സമര്‍പ്പിച്ച ജീവനക്കാര്‍ ഒഴികെയുള്ളവരുടെ വിഹിതം സ്പാര്‍ക്ക് മുഖേനയാണ് ഈടാക്കുന്നത്. ഇന്‍കം ടാക്സ് ഇളവിനര്‍ഹരായവര്‍ക്ക് അതതു സാമ്പത്തികവര്‍ഷം തന്നെ ലഭിക്കും.

എതിര്‍പ്പുള്ളവര്‍ ഒപ്പിട്ടുനല്‍കേണ്ട പ്രസ്താവന

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്റെ ഒരുമാസത്തെ ശമ്പളത്തിന് തുല്യമായ തുക നല്‍കുന്നതിന് സമ്മതല്ലെന്ന് അറിയിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular