ന്യൂഡല്‍ഹി: കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരില്‍ അമിത വണ്ണമുള്ളവര്‍ക്ക് സബ്സിഡി നിരക്കില്‍ ഇനി മദ്യം അനുവദിക്കില്ല. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഗുജറാത്ത് തീരം ഉള്‍പ്പെടുന്ന വടക്കു പടിഞ്ഞാറന്‍ മേഖല വിഭാഗത്തില്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. താഴേത്തട്ട് മുതല്‍ മുകള്‍തട്ട് വരെയുള്ള എല്ലാ വിഭാഗം ഉദ്യോസ്ഥര്‍ക്കും ഈ ഉത്തരവ് ബാധകമാണെന്ന് വടക്കു പടിഞ്ഞാറന്‍ മേഖല കമാന്‍ഡര്‍ രാകേഷ് പാല്‍ വ്യക്തമാക്കി.
പൊണ്ണത്തടിക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് മദ്യ ഉപഭോഗമാണെന്നു വ്യക്തമായതായി രാകേഷ് പാല്‍ അറിയിച്ചു. അമിതവണ്ണത്തെത്തുടര്‍ന്നു പല ഉദ്യോഗസ്ഥര്‍ക്കും കടലില്‍ ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതി വരുന്നു. വണ്ണം കുറയ്ക്കണമെന്നു പലയാവര്‍ത്തി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നതാണെന്നും അതു നടപ്പാകാത്തതിനാലാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വണ്ണം കുറച്ചു ജോലിക്കു ഫിറ്റ്നെസ് തെളിയിച്ചാല്‍ മദ്യ സബ്സിഡി പുനഃസ്ഥാപിക്കുമെന്നും ഉത്തരവിലുണ്ട്.