ജയറാമിന്റെ മകളായിട്ടാണ് അനു ഇമ്മാനുവല്‍ ആദ്യമായി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. പിന്നീട് നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിലൂടെ നായികയായി അരങ്ങേറി. ചിത്രം മികച്ച വിജയമായെങ്കിലും പിന്നെ അനുവിനെ മലയാളത്തില്‍ കണ്ടില്ല. കന്നട, തെലുങ്ക് ഭാഷകളിലായിരുന്നു താരത്തിന്റെ ശ്രദ്ധ. അല്ലു അര്‍ജുന്‍ ഉള്‍പ്പടെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അനു അഭിനയിച്ചു കഴിഞ്ഞു. എന്നാല്‍ കലാമൂല്യമുള്ള സിനിമകളില്‍ ഭാഗമാകാത്തതില്‍ താരത്തിന് എതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. തന്റെ വിമര്‍ശകര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
ഒരു അഭിനേതാവിന് കലാമൂല്യമുള്ള സിനിമകള്‍ മാത്രമല്ല കച്ചവട സിനിമകളും ചെയ്യേണ്ടി വരുമെന്നും ഇവരണ്ടും ഒരു പോലെ പ്രധാനപ്പെട്ടതാണെന്നുമാണ് അനു പറയുന്നത്. ‘സിനിമ റിയലിസ്റ്റിക് ആകണമെന്ന അഭിപ്രായം തനിക്കില്ല. ബുദ്ധി ശ്യൂന്യമായ കഥാപാത്രങ്ങള്‍ ചെയ്താല്‍ അത് അവതരിപ്പിക്കുന്നവരും മണ്ടന്‍മാരാണെന്ന് കരുതുന്നത് അബദ്ധമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്നു പറഞ്ഞത്.
കീര്‍ത്തി സുരേഷിന് മഹാനടിയില്‍ ലഭിച്ചതു പോലെ മികച്ച ഒരു കഥാപാത്രം ലഭിച്ചാല്‍ ജീവിതം തന്നെ മാറുമെന്നും അനു വ്യക്തമാക്കി. എന്നെയും കീര്‍ത്തിയേയും കുറിച്ച് ഒരുപാട് ആളുകള്‍ മോശം പറഞ്ഞിട്ടുണ്ട്. മഹാനടിക്ക് ശേഷം ഇപ്പോള്‍ കീര്‍ത്തി എവിടെയാണ് നില്‍ക്കുന്നതെന്ന് നോക്കൂ. മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്നെങ്കിലും അവസരം ലഭിക്കുകയാണെങ്കില്‍ അതുമതി ജീവിതം മാറാന്‍.’