ട്രോളുകള്‍ പോസ്റ്റ് ചെയ്താല്‍ അഞ്ച് വര്‍ഷം തടവും ആറുകോടിയോളം രൂപ പിഴയും

സോഷ്യല്‍മീഡിയകളില്‍ ഏറ്റവും ആകര്‍ഷണമുള്ളത് ട്രോളുകള്‍ക്കാണ്. കേരളത്തിലാണെങ്കില്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ പൊലീസും മറ്റും ട്രോളുകളിലൂടെയാണ് സന്ദേശങ്ങള്‍ കൈമാറുന്നത്. ഇത് കൂടുതല്‍ ഫലംകാണുകയും ചെയ്തു. എന്നാല്‍ ഇതിന് നേരെ വിരുദ്ധ തീരുമാനമാണ് സൗദിയില്‍നിന്ന് കേള്‍ക്കുന്നത്. സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകള്‍ പോസ്റ്റ് ചെയ്യുന്നതിന് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു.
നിയമലംഘനം നടത്തുന്നവര്‍ക്ക് പരമാവധി അഞ്ചുവര്‍ഷംവരെ തടവുലഭിക്കും. ഇതിനുപുറമേ 30 ലക്ഷം റിയാല്‍ വരെ (ഏകദേശം 5.76 കോടി രൂപ) പിഴ ചുമത്താന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ മുന്നറിയിപ്പ് നല്‍കി. പരിഹസിക്കുക, പ്രകോപനം ഉണ്ടാക്കുക, അന്യരെ ശല്യപ്പെടുത്തുക തുടങ്ങിയ പോസ്റ്റുകള്‍ക്കെതിരേ കടുത്ത ശിക്ഷാനടപടി സ്വീകരിക്കും. ഇത്തരം പോസ്റ്റുകള്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. മതമൂല്യങ്ങളെ അപമാനിക്കുക, ധാര്‍മികതയ്ക്ക് വിരുദ്ധമായ ചിത്രങ്ങള്‍ പോസ്റ്റുചെയ്യുക, തെറ്റിദ്ധാരണയുളവാക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുക, തെറ്റായ വാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ സൈബര്‍ കുറ്റകൃത്യമായി പരിഗണിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

ജനങ്ങളുടെ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനാണ് ആക്ഷേപഹാസ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് വിലക്കിയതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനും പൊതുസമാധാനത്തിന് ഭീഷണി സൃഷ്ടിക്കുന്നതിനും സാമൂഹികമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈസാഹചര്യത്തിലാണ് ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ചത്.

രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച വിവരങ്ങള്‍ പോലീസില്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ സന്നദ്ധമാകണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.

pathram:
Related Post
Leave a Comment