‘അവന് യാതൊരു വിധ കഴിവുമില്ല, നിങ്ങള്‍ അവന്റെ സിനിമയില്‍ അഭിനയിക്കരുത്’ എന്റെ ശത്രുവിനെ ആദ്യമായി എന്നെ കാണിച്ചുതന്നത് മമ്മൂട്ടിയുടെ ഭാര്യയെന്ന് ലാല്‍ ജോസ്

കമലിന്റെ സഹായി ആയിട്ട് സംവിധാന രംഗത്തേക്ക് കടന്ന് വന്ന് മലയാളികളുടെ ഇഷ്ട സംവിധായകനായ ആളാണ് ലാല്‍ ജോസ്. ലാല്‍ ജോസ് ആദ്യം സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരു മറവത്തൂര്‍ കനവ്. മമ്മൂട്ടിയായിരുന്നു നായകന്‍. ശ്രീനിവാസന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി താന്‍ മറവത്തൂര്‍ കനവ് സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തനിക്കെതിരെ മമ്മൂട്ടിക്ക് ആരോ ഒരു ഊമക്കത്ത് അയച്ചുവെന്ന് പറയുകയാണ് ലാല്‍ ജോസ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് മനസ്സു തുറന്നത്.

‘ഭൂതക്കണ്ണാടിയുടെ ഷൂട്ടിങ് കഴിഞ്ഞ് ചെന്നൈയില്‍ ഡബ്ബിങ്ങ് ജോലികള്‍ നടക്കുകയാണ്. അതിനിടെ ഞാന്‍ മമ്മൂക്കയുടെ വീട്ടില്‍ പോയി. അദ്ദേഹത്തിന്റെ ഭാര്യയെ ഞാന്‍ ബാബി എന്നാണ് വിളിക്കാറ്. വീട്ടിലെത്തിയപ്പോള്‍ ബാബി ചോദിച്ചു, ”ലാലുവിന് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടല്ലേ” എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, ”ഉവ്വ്, സുഹൃത്തുക്കള്‍ ഉണ്ട്. എന്താണ് അങ്ങനെ ചോദിച്ചത്”. അപ്പോള്‍ ബാബി ഒരു കത്ത് എടുത്തു കൊണ്ടുവന്നു തന്നു. ആ കത്ത് ഞാന്‍ തുറന്ന് വായിച്ചു, ആ കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. മമ്മൂക്കയ്ക്കുള്ള ഒരു കത്തായിരുന്നു അത്.

കമലിന്റെ സിനിമകള്‍ ഹിറ്റ് ആയത് അയാളുടെ പ്രതിഭയുള്ളതുകൊണ്ട്. അല്ലാതെ ലാല്‍ ജോസിന്റെ കഴിവല്ല. താങ്കളെപ്പോലെ ഒരു നടന്‍ അവന്റെ വാക്കില്‍ വീഴരുത്. അവന് യാതൊരു വിധ കഴിവുമില്ല. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ പോലും കലകാരനാണെന്ന് തെളിയിക്കാന്‍ അവന് കഴിഞ്ഞിട്ടില്ല. നിങ്ങള്‍ അവന്റെ സിനിമയില്‍ അഭിനയിക്കരുത്. അതായിരുന്നു കത്തിന്റെ രത്നചുരുക്കം.

കത്ത് വായിച്ചപ്പോള്‍ എനിക്ക് വിഷമമായി. എനിക്ക് ശത്രുക്കള്‍ ഉണ്ടെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ആരാണ് ആ കത്ത് അയച്ചതെന്ന് അറിയുകയുമില്ല. എന്റെ മുഖം കണ്ടപ്പോള്‍ മമ്മൂക്ക ബാബിയോട് ചോദിച്ചു, ”നീ എന്തിനാണ് ആ കത്ത് അവന് കൊടുത്തത്.”എന്ന്. അപ്പോള്‍ ബാബി പറഞ്ഞു, ”ഈ ലോകത്ത് ഇത്തരത്തിലുള്ള ആളുകള്‍ ഉണ്ടെന്ന് ലാലു അറിയണം.”

ആ കത്ത് വായിച്ച് മമ്മൂക്ക പിന്‍മാറിയിരുന്നുവെങ്കില്‍ എന്റെ ആദ്യത്തെ സിനിമ ഒരിക്കലും മറവത്തൂര്‍ കനവ് ആകുമായിരുന്നില്ല. ഇപ്പോഴും ആ കത്ത് എന്റെ ഡയറിയിലുണ്ട്. ഇടയ്ക്ക് എടുത്ത് വായിക്കാറുണ്ട്’ ലാല്‍ ജോസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7