പച്ചക്കറി മാര്‍ക്കറ്റില്‍ വില്‍പ്പനക്കാരിയായി സാമന്ത,സിനിമയ്ക്ക് വേണ്ടിയല്ല…….

പച്ചക്കറി വില്‍പ്പനക്കാരിയായി തെരുവിലേക്കിറങ്ങിയ സാമന്ത അക്കിനേനിയെ കണ്ട് ആശ്ചര്യഭരിതരായി ആരാധകര്‍. സിനിമയ്ക്ക് വേണ്ടിയല്ല, പ്രതായുഷ എന്ന തന്റെ ചാരിറ്റി ഫൗണ്ടേഷന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സാമന്തയുടെ ഈ പച്ചക്കറി വില്‍പ്പന.

അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ പോലുമില്ലാത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചികിത്സാസഹായം ഏര്‍പ്പെടുത്താനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രതായുഷ ഫൗണ്ടേഷന്‍. 2014 ലാണ് സാമന്ത പ്രതായുഷ ആരംഭിക്കുന്നത്. സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍, കുഞ്ഞുങ്ങള്‍ക്കുള്ള സൗജന്യ പ്രതിരോധ കുത്തിവയ്പുകള്‍, രക്തദാനം തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പ്രതായുഷ സംഘടിപ്പിക്കുന്നുണ്ട്.

‘ഇരുമ്പുത്തുറൈ’ എന്ന തന്റെ ചിത്രത്തിന്റെ നൂറാംദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഹൈദരാബാദില്‍ നിന്നും വ്യാഴാഴ്ച ചെന്നൈയില്‍ എത്തിയതായിരുന്നു താരം. വെള്ളിയാഴ്ച രാവിലെ, തിരുവള്ളിക്കേനി ക്ഷേത്രത്തിന് അരികിലെ ജാം ബസാര്‍ മാര്‍ക്കറ്റിലെത്തിയപ്പോഴായിരുന്നുപച്ചക്കറി വില്‍പ്പനക്കാരിയായുള്ള സാമന്തയുടെ ‘വേഷപ്പകര്‍ച്ച’.

മാര്‍ക്കറ്റിലെ ഒരു പച്ചക്കറിക്കട തിരഞ്ഞെടുത്ത സാമന്ത പച്ചക്കറി വില്‍പ്പന തുടങ്ങുകയായിരുന്നു. തങ്ങളുടെ പ്രിയനായികയെ കാണാന്‍ ആരാധകര്‍ മാര്‍ക്കറ്റില്‍ തടിച്ചു കൂടി. മണ്ണിലേക്കിറങ്ങിവന്ന താരത്തിന്റെ പ്രവൃത്തിയെ പ്രശംസിക്കുകയാണ് ആരാധകര്‍.

2016 ല്‍ കന്നടയില്‍ വന്‍വിജയമായ ‘യു ടേണ്‍’ എന്ന റിമേക്ക് ചിത്രം, സീമ രാജ എന്നിവയുടെ റിലീസിനായി കാത്തിരിക്കുകയാണ് സാമന്ത. ശിവകാര്‍ത്തികേയനാണ് സീമ രാജയില്‍ സാമന്തയുടെ നായകന്‍. രണ്ടു ചിത്രങ്ങളും സെപ്റ്റംബര്‍ 13 നാണ് റിലീസ്.

Similar Articles

Comments

Advertismentspot_img

Most Popular