സതാംപ്ടണ്‍: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്തായി. 20 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, അശ്വിന്‍ എന്നിവര്‍ രണ്ട് വിക്ക്റ്റ് വീതം വീഴ്ത്തി. 136 പന്തുകളില്‍ എട്ടു ഫോറും ഒരു സിക്‌സുമടക്കം 78 റണ്‍സെടുത്ത സാം കറനാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ നാല് ഓവറില്‍ 19 റണ്‍സ് എടുത്തിട്ടുണ്ട്.
86 റണ്‍സിനിടെ ആറു വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ടിനെ മോയിന്‍ അലി സാം കറന്‍ കൂട്ടുകെട്ട് കര കയറ്റുകയായിരുന്നു. ഏഴാം വിക്കറ്റില്‍ ഇരുവരും 81 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഒമ്പതാം വിക്കറ്റില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ കൂട്ടുപിടിച്ച് മറ്റൊരു അര്‍ധസെഞ്ചുറി കൂട്ടുകെട്ടും കറന്‍ പടുത്തുയര്‍ത്തി. ഇതോടെ ഇംഗ്ലണ്ട് 200 കടക്കുകയായിരുന്നു.
നേരത്തെ പരമ്പരയിലെ തുടര്‍ച്ചയായ നാലാം മത്സരത്തിലും ടോസ് ജയിച്ച ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കോലിക്കു കീഴില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ ടീം മാറ്റമില്ലാതെ ഒരു ടെസ്റ്റിനിറങ്ങുന്നത്.
ഇംഗ്ലണ്ട് ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. ക്രിസ് വോക്‌സിനു പകരം മോയിന്‍ അലിയും ഒലീ പോപ്പിനു പകരം സാം കറനും ടീമിലിടം നേടി. ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ 2-1 നു മുന്നിലാണ്.
ഇന്ത്യന്‍ ടീം: ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷാമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ
ഇംഗ്ലണ്ട് ടീം: അലിസ്റ്റയര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, മോയിന്‍ അലി, സാം കറന്‍, ആദില്‍ റഷീദ്, സ്റ്റുവാര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സന്‍.
Leave a Comment