മേലാറ്റൂര്‍: മലപ്പുറം മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്ന് കാണാതായ ഒമ്പതുവയസുകാരനെ പ്രളയത്തിനിടെ പുഴയില്‍ തള്ളിയിട്ടുകൊന്നതായി കണ്ടെത്തി. കുട്ടിയെ ആനക്കയം പാലത്തില്‍ നിന്ന് ജീവനോടെ കടലുണ്ടി പുഴയിലേക്ക് എറിഞ്ഞതായി പിതൃസഹോദരന്‍ വെളിപ്പെടുത്തി. പിതൃ സഹോദരന്‍ മുഹമ്മദിനൊപ്പം കുട്ടി ബൈക്കില്‍ പോകുന്നതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.
കുട്ടിയെ കാണാതായെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വില പേശലിനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പിതൃ സഹോദരന്‍ മൊഴി നല്‍കി. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയും മംഗലത്തൊടി അബ്ദുള്‍ സലീം- ഹസീന ദമ്പതികളുടെ മകനുമായ മുഹമ്മദ് ഷഹീനെയാണ് ഈ മാസം 13 മുതല്‍ കാണാതായിരുന്നത്.
കുടുംബം വാടകക്ക് താമസിക്കുന്ന എടയാറ്റൂര്‍ ഒ.വി. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പതിവ് പോലെ സൈക്കിളില്‍ സ്‌കൂളിലേക്ക് പോയതായിരുന്നു. സൈക്കിള്‍ സ്‌കൂളിന് സമീപം റോഡരികില്‍ ഉപേക്ഷിച്ച ഷഹീന്‍ ഒരാളുടെകൂടെ ബൈക്കില്‍ കയറി പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനാവാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ശനിയാഴ്ച മേലാറ്റൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘത്തിന് കീഴില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.
പകല്‍ മുഴുവന്‍ ബൈക്കില്‍ കറങ്ങി. പുതിയ ഷര്‍ട്ട് വാങ്ങി, യൂണിഫോം മാറ്റി സ്‌കൂള്‍ ബാഗിലിട്ടു. സിനിമ കാണിച്ചും ഭക്ഷണം വാങ്ങിക്കൊടുത്തും രാത്രിയാക്കി രഹസ്യകേന്ദ്രത്തിലേക്കു മാറ്റാനായിരുന്നു നീക്കം. കുട്ടിയെ കാണാതായ വിവരം ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതറിഞ്ഞതോടെ ഇയാളുടെ ഹെല്‍മറ്റ് കുട്ടിയുടെ തലയിലേക്കു മാറ്റിയായി യാത്ര. പിടിക്കപ്പെടുമെന്ന് അറിഞ്ഞതോടെ അന്നുരാത്രി പത്തോടെ, ആനക്കയം പാലത്തിലെത്തിച്ച് പുഴയിലേക്കു തള്ളിയിടുകയായിരുന്നു.
ഷഹീനു വേണ്ടി ആനക്കയം പുഴയില്‍ തിരച്ചില്‍ തുടങ്ങി. കാണാതായ സ്ഥലത്തുനിന്നും 16 കിലോമീറ്റര്‍ മാറി തറവാടുവീടിനടുത്തു വെച്ച് കുട്ടിയുടെ യൂണിഫോമും ബാഗും കണ്ടെത്തിയിരുന്നു.
Leave a Comment