ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകളും ഒരുമിച്ച് തുറക്കേണ്ടി വന്നതും പ്രളയം രൂക്ഷമാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍. ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ നല്‍കിയ 14 പേജുള്ള സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
13 ഷട്ടറുകള്‍ ഒരുമിച്ച് തുറന്നത് മൂലം മൂലം ഇടുക്കിയിലേക്ക് വന്‍തോതില്‍ ജലമെത്തി. ഇടുക്കി ഡാം തുറന്നതോടെ സംസ്ഥാനത്തെ എട്ട് ഡാമുകള്‍ തുറക്കേണ്ടി വന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലെത്തുന്നതിന് മുമ്പ് ഡാം തുറക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളി. സുപ്രീംകോടതി നിയോഗിച്ച ഉന്നതതല സമിതിയും ഇക്കാര്യം ആവശ്യപ്പെട്ടു. എന്നിട്ടും തമിഴ്നാട് വഴങ്ങിയില്ല.
ഭാവിയിലെങ്കിലും ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം. അണക്കെട്ടിന്റെ നിയന്ത്രണത്തിന് പ്രത്യേക സമിതി രൂപീകരിക്കണം. കേന്ദ്ര സംസ്ഥാന പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടാകണമെന്നും സത്യവാങ്മൂലത്തില്‍ കേരളം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. ഈ സാഹചര്യത്തിലാണ് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്.
അണക്കെട്ട് തുറന്നതിലുണ്ടായ പാളിച്ചകളാണു മഹാപ്രളയത്തിനു വഴിതുറന്നതെന്ന വിമര്‍ശനം പലകോണുകളില്‍നിന്ന് ഉയരുന്നതിനിടെയാണു സര്‍ക്കാര്‍ കോടതിയില്‍ നിലപാടു വ്യക്തമാക്കുന്നത്. തമിഴ്‌നാടുമായി നിലനില്‍ക്കുന്ന ഭിന്നത സത്യവാങ്മൂലത്തിലും പ്രകടം. എന്നാല്‍ അണക്കെട്ടുകള്‍ തുറന്നതില്‍ കെഎസ്ഇബിക്ക് വീഴ്ചയുണ്ടായില്ലെന്നാണ് വൈദ്യുതിമന്ത്രി എം.എം. മണി വിശദീകരിക്കുന്നത്. വളരെ തന്മയത്വത്തോടെ കെഎസ്ഇബി കാര്യങ്ങള്‍ ചെയ്തു. സര്‍ക്കാര്‍ ഉപദേശം വിട്ട് കെഎസ്ഇബി ഒന്നും ചെയ്തിട്ടില്ല. എല്ലാത്തിനും രേഖകളുണ്ട്. പെരിങ്ങല്‍കുത്ത് ഡാം പുനര്‍നിര്‍മിക്കാന്‍ കേന്ദ്രസഹായം തേടും. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. കാര്യങ്ങള്‍ അദേഹം അറിഞ്ഞിരുന്നു. സര്‍വകക്ഷി സംഘം എന്നൊക്കെപ്പറഞ്ഞു നിന്നിട്ട് ഇപ്പോള്‍ വേലവയ്ക്കുന്ന പണിയാണു രമേശ് ചെന്നിത്തല ചെയ്യുന്നതെന്നും മന്ത്രി എം.എം. മണി തൊടുപുഴയില്‍ പറഞ്ഞു.
ഇടുക്കിയുള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ ഒരുമിച്ചു തുറന്നുവിട്ടതു പ്രളയത്തിന്റെ ആഘാതം കൂട്ടിയെന്നു ഗുരുതര പരാതി ഉയര്‍ന്നിരുന്നു. ശബരിഗിരിയും ബാണാസുരസാഗറും തുറന്നതു വേണ്ട മുന്നറിയിപ്പു നല്‍കാതെയാണെന്നും ആക്ഷേപമുണ്ടായി. ഒരുപാളിച്ചയും ഉണ്ടായിട്ടില്ലെന്നു ഡാം സുരക്ഷാ അതോറിറ്റിയും ബാണാസുരസാഗറില്‍ വീഴ്ചയുണ്ടായെന്നു ചീഫ് സെക്രട്ടറിയും പ്രതികരിച്ചു.
ഓഗസ്റ്റ് 15 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ എണ്‍പതിലേറെ ജലസംഭരണികളാണു തുറന്നുവിടേണ്ടിവന്നത്. േവണ്ട മുന്നൊരുക്കമോ ജാഗ്രതാ നിര്‍ദ്ദേശങ്ങളോ ഇല്ലാതെയാണു ബാണാസുരസാഗര്‍, ശബരിഗിരി ഉള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ തുറന്നുവിട്ടതെന്നാണ് ആക്ഷേപം. ബാണാസുര സാഗറിന്റെ കാര്യത്തില്‍ വീഴ്ച ചീഫ് സെക്രട്ടറി തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കെഎസ്ഇബിയുടെ ഡാമുകള്‍ തുറന്നതില്‍ ഒരു പാളിച്ചയും ഉണ്ടായിട്ടില്ലെന്നാണു ഡാം സുരക്ഷാ അതോറിറ്റിയുടെ നിലപാട്. സമതലങ്ങളിലെ പ്രളയസ്ഥിതി ഗുരുതരമായപ്പോള്‍ ഇടുക്കിയും ഇടമലയാറുമുള്‍പ്പെടെയുള്ളവ തുറന്നതു വെള്ളപ്പൊക്കം രൂക്ഷമാക്കി. നേരത്തെതന്നെ ഇവ അല്‍പ്പാല്‍പ്പമായി ഇവ തുറന്നുവിടേണ്ടിയിരുന്നു എന്നാണു വിലയിരുത്തല്‍.