ദുരിതബാധിതരോടൊപ്പം ഇന്ത്യന്‍ ടീമും, താരങ്ങളുടെ മാച്ച് ഫീ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും

നോട്ടിങ്ഹാം: വിജയം കേരളത്തിലെ ദുരിത ബാധിതര്‍ക്ക് സമര്‍പ്പിച്ചതിന് പിന്നാലെ മാച്ച് ഫീയും സംഭാവന ചെയ്ത് ഇന്ത്യന്‍ ടീം. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് തങ്ങള്‍ക്ക് ലഭിച്ച മാച്ച് ഫീ എല്ലാവരും കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു താരത്തിന് 15 ലക്ഷം വീതമാണ് മാച്ച്. ഏതാണ്ട് രണ്ട് കോടിയോളം വരും മൊത്തം തുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായിരിക്കും താരങ്ങള്‍ പണം സംഭാവന നല്‍കുക.

നേരത്തെ ഇന്ത്യയുടെ വിജയം കേരളത്തിന് സമര്‍പ്പിച്ചിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെ 203 ന് തകര്‍ത്തിന് ശേഷം പ്രസന്റേഷനില്‍ സംസാരിക്കുകയായിരുന്നു വിരാട്. ടീമെന്ന നിലയില്‍ ഈ വിജയം കേരളത്തിലുണ്ടായ പ്രളയത്തിന്റെ ഇരകള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നുവെന്നാണ് വിരാട് പറഞ്ഞത്.

”ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ഈ വിജയം കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സമര്‍പ്പിക്കുന്നു. ഇന്ത്യന്‍ ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയൊരു കാര്യമാണിത്. വളരെ മോശം സമയമാണ് അവിടെ ഇപ്പോള്‍,” എന്നായിരുന്നു വിരാട് പറഞ്ഞത്. കയ്യടിയോടെയാണ് കാണികള്‍ വിരാടിന്റെ വാക്കുകള്‍ സ്വീകരിച്ചത്. മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും വിരാടിനായിരുന്നു. മാന്‍ ഓഫ് ദ മാച്ച് ഭാര്യ അനുഷ്‌കയ്ക്കാണ് വിരാട് സമര്‍പ്പിച്ചത്.

നേരത്തേയും കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും വിരാട് പറഞ്ഞിരുന്നു. ആളുകളോട് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മത്സരശേഷം വിജയം കേരളത്തിന് സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞത്.

pathram desk 2:
Related Post
Leave a Comment