ചെന്നിത്തലയ്ക്കും ബിജെപിക്കും വെവ്വേറെ മറുപടിയുടെ ആവശ്യമില്ല; ഇരുവര്‍ക്കും ഒരുമിച്ചു മതി: എണ്ണിയെണ്ണി മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം പ്രളയക്കെടുതില്‍ ദുരിതമനുഭവിക്കുമ്പോള്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി വന്ന പ്രതിപക്ഷത്തിനും ബിജെപിക്കും എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം ഭരണകൂടത്തിന്റെ സൃഷ്ടിയാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി കനത്ത തിരിച്ചടിയാണ് നല്‍കിയത്.. കേരളത്തിന് വിദേശ രാഷ്ട്രങ്ങള്‍ വരെ സഹായധനം പ്രഖ്യാപിക്കുന്ന വേളയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ നേതാവ് മുമ്പോട്ടുവന്നിട്ടുള്ളത്. ഏതു വിമര്‍ശനത്തെയും നേരിടാന്‍ സര്‍ക്കാരിനു വിഷമമില്ല. എന്നാല്‍ വിമര്‍ശനത്തില്‍ കഴമ്പുണ്ടാവണം എന്നു മാത്രം. വിമര്‍ശനത്തിനുവേണ്ടി മാത്രമുള്ള വിമര്‍ശനം ആവാതിരിക്കാന്‍ വിമര്‍ശകര്‍ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും ചെന്നിത്തലയ്ക്കു മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങള്‍

കേരളമാകെ എന്നല്ല, ലോകമാകെത്തന്നെ ഇവിടുത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രക്രിയയിലും ഇനി നടക്കാനിരിക്കുന്ന പുനര്‍നിര്‍മാണ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയമാണ്. വിദഗ്ധര്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ മുമ്പോട്ടുവെയ്ക്കുന്നു; ജനങ്ങള്‍ അവരാല്‍ ആകുന്ന വിധത്തിലുള്ള സഹായങ്ങള്‍ ചെയ്യുന്നു; സംസ്ഥാനങ്ങള്‍ മുതല്‍ വിദേശ രാഷ്ട്രങ്ങള്‍ വരെ സഹായധനം പ്രഖ്യാപിക്കുന്നു.

എന്നാല്‍, ഇത്തരമൊരു സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുമ്പോട്ടുവന്നിട്ടുള്ളത്. ഏതു വിമര്‍ശനത്തെയും നേരിടാന്‍ സര്‍ക്കാരിനു വിഷമമില്ല. വിമര്‍ശനത്തില്‍ കഴമ്പുണ്ടാവണം എന്നു മാത്രം. വിമര്‍ശനത്തിനുവേണ്ടി മാത്രമുള്ള വിമര്‍ശനം ആവാതിരിക്കാന്‍ വിമര്‍ശകര്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പ്രതിപക്ഷ നേതാവ് എണ്ണമിട്ട് കുറേ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അവ ഓരോന്നായി എടുക്കാം. അതിന്റെ നിജസ്ഥിതി പരിശോധിക്കാം.

രമേശ് ചെന്നിത്തല ജൂലൈ 30ന് രാവിലെ 8.32ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരാവശ്യം ഇങ്ങനെ: ‘ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കുന്നു. ഇനി 0.36 അടി കൂടി വെള്ളം നിറഞ്ഞാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ജനങ്ങളുടെ ആശങ്ക ഒഴിവാക്കാനുള്ള നടപടിയാണ് വേഗം കൈക്കൊള്ളേണ്ടത്. ഷട്ടര്‍ തുറക്കുക അനിവാര്യമായി തീര്‍ന്നിരിക്കുന്നു’. ഇതില്‍നിന്ന് മൂന്ന് കാര്യങ്ങളാണ് വ്യക്തമാവുന്നത്. ഒന്ന്: ഷട്ടര്‍ തുറക്കേണ്ടത് അനിവാര്യതയായിരുന്നു. രണ്ട്: ബ്ലൂ അലര്‍ട്ടില്‍നിന്ന് ഓറഞ്ച് അലര്‍ട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു ആ ഘട്ടത്തില്‍. മൂന്ന്: ബ്ലൂ അലര്‍ട്ട് അപ്പോള്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു എന്നത് ചെന്നിത്തലയ്ക്ക് അറിയാമായിരുന്നു; അല്ലെങ്കില്‍ ഓറഞ്ച് അലര്‍ട്ടിനെക്കുറിച്ച് അദ്ദേഹം പറയുമായിരുന്നില്ലല്ലൊ. അലര്‍ട്ട് ഉണ്ടായിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവാകുന്നുണ്ട് രമേശിന്റെ ഈ പോസ്റ്റ്.

ഓഗസ്റ്റ് 14ന് രാത്രി 8.06ന് രമേശിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ പറയുന്നു: ‘എല്ലാ തയാറെടുപ്പുകളും ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കൈക്കൊണ്ടുകഴിഞ്ഞു’. അന്ന് ഭരണകൂടം വേണ്ടതെല്ലാം ചെയ്തു എന്നു പറഞ്ഞ രമേശാണ് മുന്‍കരുതലില്ലാതെ ഡാമുകള്‍ തുറന്നു എന്ന് ആക്ഷേപിക്കുന്നത്. അന്നുതന്നെ രാത്രി 8.59ന് ചെന്നിത്തല എഴുതിയിട്ടുള്ളത് ‘തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായാണ്’. ഇതും സമയാസമയത്ത് അറിയിപ്പ് ഉണ്ടായിരുന്നതിന്റെ തെളിവാകുന്നു. രമേശിന്റെ ആരോപണങ്ങള്‍ക്ക് രമേശ് തന്നെ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റുകള്‍ മറുപടിയാകുന്നുണ്ട്. സത്യം ആ പോസ്റ്റുകളില്‍ ഉണ്ട് എന്നിരിക്കെ ഇത്തരമൊരു ഘട്ടത്തില്‍ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതില്‍ അനൗചിത്യമുണ്ട് എന്നു മാത്രം ഇപ്പോള്‍ പറയട്ടെ.

1924ല്‍ നടന്നത് പ്രകൃതിസൃഷ്ടിയായിരുന്നു എന്നും 2018ല്‍ നടന്നത് സര്‍ക്കാര്‍ വരുത്തിവെച്ച ദുരന്തമാണ് എന്നും പ്രതിപക്ഷ നേതാവ് പറയുന്നു. ഇതിനടിസ്ഥാനമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മഴയുടെ കണക്കാണ്. ഇപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ മഴയാണ് അന്ന് ഉണ്ടായത് എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തല്‍. അദ്ദേഹത്തിന്റെ കണക്കില്‍ 2018 ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 20 വരെ കേരളത്തിനു ലഭിച്ചത് 2500 മില്ലിമീറ്റര്‍ മഴയാണ്. 1924ല്‍ 3368 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നുവത്രെ.

ഒറ്റനോട്ടത്തില്‍ ഈ കണക്ക് സത്യമാണെന്നു തോന്നും. എന്നാല്‍ തെറ്റിദ്ധരിപ്പിക്കലാണിത്. 1924ലുണ്ടായതായി രമേശ് ഉന്നയിക്കുന്ന കണക്ക്, അതായത് 3368 മില്ലിമീറ്റര്‍ എന്നത് കാലവര്‍ഷവും തുലാവര്‍ഷവും അടക്കം ഒരു വര്‍ഷത്തിലാകെയായി കിട്ടിയ മഴയുടെ കണക്കാണ്. എന്നാല്‍, 2018ല്‍ കിട്ടിയ 2500 മില്ലിമീറ്റര്‍ എന്നത് ഈ കാലവര്‍ഷ ഘട്ടത്തിലേ മാത്രം മഴയുടെ കണക്കാണ്. ഒരു സീസണിലെ മഴയെ ഒരു വര്‍ഷത്തിലെ മഴയുമായി താരതമ്യപ്പെടുത്തി 1924ലായിരുന്നു കൂടുതല്‍ മഴ എന്നു പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്?

ഇനി രമേശിന്റെ കണക്ക് അംഗീകരിച്ചാല്‍ പോലും അതായത്, ആ വര്‍ഷത്തെ മുഴുവന്‍ മഴയുമായി താരതമ്യപ്പെടുത്തിയാല്‍ പോലും ഈ സീസണില്‍ ഇവിടെ പെയ്ത മഴയുമായി 868 മില്ലിമീറ്ററിന്റെ വ്യത്യാസമേ ഉള്ളു. 1924ല്‍ കേരളത്തിലാകെ ഒരു ഡാമേ ഉണ്ടായിരുന്നുള്ളു. ഇന്ന് 42 മേജര്‍ ഡാമുകളടക്കം ആകെ 82 ഡാമുകള്‍ കേരളത്തിലുണ്ട്. ഈ ഡാമുകളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നതാണു സത്യം. അതുകൊണ്ടാണ് 1924നേക്കാള്‍ രൂക്ഷമായ മഴ ഇത്തവണ ഉണ്ടായിട്ടും അപായങ്ങള്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്.

യഥാര്‍ഥത്തില്‍ 1924ലേക്കാള്‍ രൂക്ഷമായിരുന്നു ഇത്തവണത്തെ മഴ. ഇതിനൊപ്പം ഇത്തവണത്തെ മഴയുടെ ഒരു പ്രത്യേകത കൂടി കാണണം. ചെറിയ സമയം കൊണ്ട് വലിയ അളവില്‍ വെള്ളം നിറയ്ക്കുന്ന ഒന്നായിരുന്നു. ഇടുക്കിയില്‍ ഒന്നാംഘട്ട മഴയ്ക്കുശേഷം 26.07.2018 മുതല്‍ മഴ കുറഞ്ഞുവരികയായിരുന്നു. 26.07.2018ന് 54.2 മില്ലിമീറ്റര്‍ മഴ ഉണ്ടായിരുന്നത് 28.07.2018ന് 6.2 മില്ലിമീറ്ററും 06.08.2018ന് 3.2 മില്ലിമീറ്ററും ആയി കുറഞ്ഞു. 07.08.2018ന് 13.8 മില്ലിമീറ്റര്‍ മഴയേ ഉണ്ടായിരുന്നുള്ളു. ഇതുകൊണ്ടുതന്നെയാണ് ആ ഘട്ടത്തില്‍ ഷട്ടര്‍ തുറക്കാതിരുന്നത്.

പക്ഷേ, 08.08.2018 ആയപ്പോള്‍ സ്ഥിതി മാറി. അന്ന് 128.6 മില്ലിമീറ്ററായി മഴ വര്‍ധിച്ചു. ഒമ്പത്, പത്ത് തീയതികളിലും ഇത് തുടര്‍ന്നു. പിന്നീട് ചെറുതായി കുറഞ്ഞ മഴ 16.08.2018ന് 295 മില്ലിമീറ്ററായി കുത്തനെ കൂടി. കേരളത്തില്‍ പെയ്യുന്ന ശരാശരി മഴയുടെ മൂന്നിലൊന്ന് മഴ ഓഗസ്റ്റ് 14 മുതല്‍ 17 വരെയുള്ള നാലു ദിവസങ്ങള്‍ കൊണ്ട് പെയ്തു. ഇടുക്കിയില്‍ ഈ നാലുദിവസം കൊണ്ട് പെയ്തത് 811 മില്ലിമീറ്ററാണ്. ഇത് സാധാരണയുടെ ഇരട്ടിയിലധികമാണ്. കക്കിയില്‍ ഈ നാലുദിവസം കൊണ്ട് 915 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ഇതും സാധാരണയുടേതിന്റെ ഇരട്ടിയിലധികമാണ്. ഇങ്ങനെയാണ് അപ്രതീക്ഷിതമായി ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതും ഷട്ടറുകള്‍ നിയന്ത്രിതമായി തുറക്കേണ്ടി വന്നതും.

കാലടി, പെരുമ്പാവൂര്‍, ആലുവ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിനു യഥാര്‍ഥത്തില്‍ ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ നിന്നുള്ള വെള്ളം മാത്രമല്ല കാരണമായത്. അനുഭവപ്പെട്ട വെള്ളപ്പൊക്കത്തിന്റെ യഥാര്‍ഥ കാരണം ഡാം തുറന്നുവിട്ടതു കൊണ്ടു വന്ന വെള്ളം മാത്രമല്ല, മറിച്ച് നിയന്ത്രണമില്ലാതെ നദിയിലേക്കു കുത്തിയൊഴുകി വന്ന സ്വഭാവിക വെള്ളം കൂടിയാണ്. ഈ കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ സര്‍ക്കാര്‍ വരുത്തിവച്ചതാണ് ഇക്കൊല്ലത്തെ ദുരന്തം എന്ന് എങ്ങനെ ആര്‍ക്കു പറയാനാവും?

അച്ചന്‍കോവിലാറിലുണ്ടായ വെള്ളപ്പൊക്കമാണു പന്തളം പ്രദേശത്തെ വെള്ളത്തിലാഴ്ത്തിയത്. മണിമലയാറിലെ വെള്ളമാണ് തിരുവല്ല പ്രദേശത്തെ വെള്ളത്തിലാഴ്ത്തിയത്. ഈ രണ്ടു നദികളിലും ഒരു ഡാമുമില്ല. അപ്പോള്‍ പിന്നെ വെള്ളപ്പൊക്കത്തിനു കാരണമായത് ഡാം തുറന്നുവിട്ടതുകൊണ്ടാണെന്ന വാദത്തിന് എന്തു യുക്തിയാണുള്ളത്. പാലായിലെ വെള്ളപ്പൊക്കം മീനച്ചലാറിലൂടെ വന്ന വെള്ളമാണ്. നിലമ്പൂരില്‍ വെള്ളപ്പൊക്കമുണ്ടായതു ചാലിയാറിലെ വെള്ളം മൂലമാണ്. മീനച്ചലാറിലും ചാലിയാറിലും ഡാമില്ല. അപ്പോള്‍ പിന്നെ ഈ വാദത്തിന് എന്തു നിലനില്‍പ്പാണുള്ളത്?

കേരളത്തില്‍ മിക്കവാറും എല്ലായിടത്തുമായി ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മറ്റു ദുരന്തങ്ങളുമുണ്ടായിട്ടുണ്ട്. വ്യാപകമായ മഴയുടെ ഭാഗമായുണ്ടായതാണവ. അല്ലാതെ, ഡാം തുറന്നുവിട്ടതു കൊണ്ടുണ്ടായതല്ല. ഡാം മാനേജ്‌മെന്റില്‍ സര്‍ക്കാരിനു പിശകു സംഭവിച്ചുവെന്നും മുന്നറിയിപ്പില്ലാതെയാണു ഡാമുകള്‍ തുറന്നുവിട്ടത് എന്നും രമേശ് പറയുന്നു.

ഡാമിലെ വെള്ളംകൊണ്ടു മാത്രമല്ല വെള്ളപ്പൊക്കമുണ്ടാകുന്നത്. 1924ല്‍ വന്‍ വെള്ളപ്പൊക്കമുണ്ടായില്ലേ? അന്ന് കേരളത്തില്‍ ആകെ ഒരു ഡാമേ ഉണ്ടായിരുന്നുള്ളു. ഇത്തവണ ഓഗസ്റ്റ് ഒന്നുമുതല്‍ 19 വരെയുള്ള ഘട്ടത്തില്‍ 758.6 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. സാധാരണ വര്‍ഷങ്ങളില്‍ ഈ ഘട്ടത്തില്‍ 287.5 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കാറ്. അതായത് സാധാരണ ലഭിക്കാറുള്ളതിനേക്കാള്‍ 164 ശതമാനം അധികം മഴയാണ് ഈ ദിവസങ്ങളില്‍ ലഭിച്ചത്. ഓഗസ്റ്റ് 9 മുതല്‍ 15 വരെയുള്ള ഘട്ടത്തില്‍ തിരുവനന്തപുരത്ത് 617 ശതമാനവും ഇടുക്കിയില്‍ 438 ശതമാനവും പത്തംതിട്ടയില്‍ 246 ശതമാനവും കൊല്ലത്ത് 527 ശതമാനവും മഴ അധികമായി ലഭിച്ചു. കേരളത്തില്‍ എല്ലാ വര്‍ഷവും നിറഞ്ഞുകവിയുന്ന ഡാമുകള്‍ ഒഴിച്ച് മറ്റെല്ലാ ഡാമുകളിലും ബ്ലൂ അലര്‍ട്ട്, ഓറഞ്ച് അലര്‍ട്ട്, റെഡ് അലര്‍ട്ട് എന്നിങ്ങനെ കൃത്യമായ മുന്നറിയിപ്പുകളോടെ മാത്രമേ വെള്ളം തുറന്നുവിടാറുള്ളു.

ചെറിയ മഴയില്‍ പോലും വെള്ളം നിറയുന്നതിനാല്‍ എല്ലാ വര്‍ഷവും തുറന്നുവിടേണ്ടിവരുന്ന ഡാമുകളുണ്ട്. ആ ഡാമുകളില്‍ റവന്യു അധികാരികളെ അറിയിച്ച് വെള്ളത്തിന്റെ നിരപ്പനുസരിച്ച് നീരൊഴുക്ക് ക്രമീകരിക്കുക എന്നതാണു ചെയ്തുവരുന്നത്. എല്ലാ കൊല്ലവും സ്ഥിരമായുള്ളതു കൊണ്ടും ജനങ്ങള്‍ക്ക് പരിചിതമായതുകൊണ്ടുമാണ് അവയുടെ കാര്യത്തില്‍ ബ്ലൂ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ ഉണ്ടാവാറില്ല. അത് മുമ്പുമില്ല; ഇപ്പോഴുമില്ല.

ഇടമലയാര്‍, ഇടുക്കി, പമ്പ-കക്കി-ആനത്തോട് ഡാമുകളാണ് പ്രധാന വലിയ ഡാമുകള്‍. ഈ ഡാമുകളില്‍ നിശ്ചയിച്ച പ്രകാരം കൃത്യമായ അലര്‍ട്ടുകളോടു കൂടി മാത്രമേ ഈ വര്‍ഷം വെള്ളം തുറന്നുവിട്ടിട്ടുള്ളു. ഇടുക്കിയില്‍ 2390 അടി വെള്ളമെത്തുമ്പോള്‍ ബ്ലൂ, 2395 അടിയാവുമ്പോള്‍ ഓറഞ്ച്, 2399 അടിയാവുമ്പോള്‍ റെഡ് അലര്‍ട്ടുകളാണ് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്‍.

ഇത്തവണ ഇടുക്കി ഡാമിന്റെ കാര്യത്തില്‍ 26.07.2018ല്‍ ബ്ലൂ അലര്‍ട്ടും 30.07.2018ല്‍ ഓറഞ്ച് അലര്‍ട്ടും 09.08.2018ല്‍ റെഡ് അലര്‍ട്ടും നല്‍കി. ആനത്തോട്-കക്കിയുടെ കാര്യത്തില്‍ 29.07.2018ല്‍ ബ്ലൂ അലര്‍ട്ടും 31.07.2018ല്‍ ഓറഞ്ച് അലര്‍ട്ടും 08.08.2018ല്‍ റെഡ് അലര്‍ട്ടും നല്‍കി. പമ്പയില്‍ 17.07.2018ല്‍ ബ്ലൂ അലര്‍ട്ടും 26.07.2018ല്‍ ഓറഞ്ച് അലര്‍ട്ടും കൊടുത്തു. 30.07.2018ല്‍ വെള്ളം കുറഞ്ഞുനിന്നതിനെത്തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. വെള്ളം കൂടിയതിനെത്തുടര്‍ന്ന് 09.08.2018ല്‍ വീണ്ടും ഓറഞ്ച് അലര്‍ട്ട് കൊടുത്തു. എന്നാല്‍, അന്നുതന്നെ വീണ്ടും വെള്ളം വര്‍ധിക്കുകയും റെഡ് അലര്‍ട്ട് കൂടി കൊടുക്കുകയും ചെയ്തു.

ഇടമലയാറിന്റെ കാര്യത്തില്‍ 25.07.2018ല്‍ ബ്ലൂ അലര്‍ട്ട്, 01.08.2018ല്‍ ഓറഞ്ച് അലര്‍ട്ട് 08.08.2018ല്‍ റെഡ് അലര്‍ട്ട് എന്നിവ നല്‍കി. 08.08.2018ന് തുറന്നു. ഈ കാര്യങ്ങള്‍ ഔദ്യോഗികമായ രേഖയാണ്. മാധ്യമങ്ങളിലൊക്കെ വിപുലമായ പബ്ലിസിറ്റ് ലഭിച്ച കാര്യങ്ങളുമാണ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോടോ മാധ്യമങ്ങളിലെ പത്രാധിപരോടോ അന്വേഷിച്ചിരുന്നെങ്കില്‍ രമേശ് ചെന്നിത്തലയ്ക്ക് ഇങ്ങനെ പൊള്ളയായ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ആരോപണമുന്നയിക്കേണ്ടി വരില്ലായിരുന്നു.

വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നു എന്നതാണ് മറ്റൊരു ആക്ഷേപം. ബാണാസുര സാഗര്‍ ഡാം എല്ലാ വര്‍ഷവും നിറയുന്നതും മുന്നറിയിപ്പില്ലാതെ തന്നെ തുറക്കാറുള്ളതുമായ ഡാമുകളുടെ പട്ടികയില്‍ പെടുന്നതാണ്. ഒരു കാലത്തും അലര്‍ട്ടോടു കൂടിയല്ല ഇത് തുറക്കാറ്. ഇത്തവണയും ജൂണ്‍, ജൂലൈ മാസങ്ങളിലെ മഴയെത്തുടര്‍ന്ന് ജൂലൈ രണ്ടാം വാരത്തില്‍ ഡാം നിറയുകയും 15.07.2018ല്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. 05.08.2018 വരെ ഇങ്ങനെ ഡാം തുറന്നുവെച്ചിരിക്കുകയായിരുന്നു. ഈ അണക്കെട്ട് ഇങ്ങനെ ഈ ഘട്ടത്തില്‍ തുറക്കുമെന്ന കാര്യം നാട്ടുകാര്‍ക്കറിയാം.

അതുകൊണ്ടുതന്നെ ഈ ഘട്ടത്തിലൊന്നും അവിടെ അപായങ്ങളേതും ഉണ്ടായിട്ടില്ല. താരതമ്യേന വെള്ളം കുറഞ്ഞതിനെത്തുടര്‍ന്നാണ് 05.08.2018ന് ഡാമിന്റെ ഷട്ടറുകള്‍ അടച്ചത്. എന്നാല്‍, 06.08.2018ന് വന്‍തോതില്‍ മഴ പെയ്യുകയും 07.08.2018ന് രാവിലെ ആയപ്പോഴേക്കും ഫുള്‍ റിസര്‍വോയര്‍ ലെവലിലേക്ക് വെള്ളമെത്തുകയും ചെയ്തു. ഏതാണ്ട് പത്തുമണിക്കൂറിനുള്ളിലാണിതു സംഭവിച്ചത്.

അതേത്തുടര്‍ന്ന് 07.08.2018ന് രാവിലെ ആറര മണിക്ക് ഡാമിന്റെ ഷട്ടര്‍ തുറന്ന് വീണ്ടും വെള്ളാമൊഴുക്കിത്തുടങ്ങി. രമേശ് പറയുംപോലെ രാത്രിയില്‍ ആരും അറിയാതെയല്ല, രാവിലെ ആറരയ്ക്കാണിതു ചെയ്തത്. മഴ കനത്തതോടെ എട്ടുതവണ ഷട്ടറിന്റെ വിടവ് വര്‍ധിപ്പിക്കേണ്ടിവന്നു. അങ്ങനെയാണ് ബാണാസുര സാഗറില്‍നിന്ന് കൂടിയ തോതില്‍ വെള്ളം താഴേക്കൊഴുകുന്ന സ്ഥിതിയുണ്ടായത്.

ബാണാസുര സാഗര്‍ മണ്ണുകൊണ്ടുണ്ടാക്കിയ ഡാമാണ്. മറ്റു ഡാമുകളെ പോലെ ഫുള്‍ റിസര്‍വോയര്‍ ലെവലിനു മുകളില്‍ വെള്ളം സ്റ്റോര്‍ ചെയ്യാനുള്ള യാതൊരു സംവിധാനവും ഈ ഡാമിനില്ല. ഇടുക്കിയിലാണെങ്കില്‍ 2403 അടിയാണ് ഫുള്‍ റിസര്‍വോയര്‍ ലെവല്‍. ഇവിടെ 2408.5 അടി വരെ ജലം ശേഖരിച്ചാലും കുഴപ്പമില്ല. ബാണാസുര സാഗറിന്റെ കാര്യത്തില്‍ ഫുള്‍ റിസര്‍വോയര്‍ ലെവിനു മുകളില്‍ വെള്ളം വന്നാല്‍ ഒഴുക്കിക്കളയുകയല്ലാതെ വേറെ മാര്‍ഗമില്ല.

44 ഡാമുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ഒന്നിച്ചു തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായത് എന്നതാണു രമേശ് ഉന്നയിക്കുന്ന മറ്റൊരു ആരോപണം. പമ്പയിലെ ഒമ്പത് ഡാമുകള്‍ ഒന്നിച്ചു തുറന്നു എന്നും ഇടുക്കി, എറണാകുളം ജില്ലകളിലെ 11 ഡാമുകള്‍ ചാലക്കുടി പുഴയിലെ ആറു ഡാമുകള്‍ എന്നിവ ഒന്നിച്ചു തുറന്നു എന്നും എവിടെയൊക്കെ വെള്ളപ്പൊക്കമുണ്ടാകുമെന്നും ഏതൊക്കെ ഭാഗങ്ങള്‍ മുങ്ങുമെന്നും സര്‍ക്കാരിന് ഒരു രൂപവുമുണ്ടായിരുന്നില്ല എന്നുമാണു പ്രതിപക്ഷ നേതാവിന്റെ അടുത്ത ആക്ഷേപങ്ങള്‍.

പമ്പയില്‍ ശബരിഗിരി പദ്ധതിയുമായി ബന്ധപ്പെട്ട് പമ്പ, കക്കി-ആനത്തോട് എന്നിങ്ങനെ രണ്ട് പ്രധാന റിസര്‍വോയറുകളാണുള്ളത്. ബാക്കിയൊക്കെ ചെറിയ ഡാമുകളാണ്. എല്ലാവര്‍ഷവും തുറക്കുന്ന ഡാമുകളാണ് ഈ ചെറിയവ. എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ പെട്ടെന്നുണ്ടായ മഴയുടെ വര്‍ധനവില്‍ ഡാമുകള്‍ നിറഞ്ഞ സാഹചര്യത്തില്‍ മറ്റ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണു നിയമാനുസൃതമായ അലര്‍ട്ടുകളോടെ തുറക്കേണ്ടിവന്നത്.

ഈ അലര്‍ട്ടുകളെല്ലാം കൃത്യമായി പാലിച്ചു എന്നതുതന്നെ സര്‍ക്കാരിന് ഇതേക്കുറിച്ച് നല്ല വിവരമുണ്ടായിരുന്നു എന്നതാണ് തെളിയിക്കുന്നുണ്ട്. നദികള്‍ കരകവിഞ്ഞൊഴുകുന്നതു സംബന്ധിച്ച് നദീതീരവാസികളെ മുന്‍കൂട്ടി അറിയിക്കുകയും മാറി താമസിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇടുക്കി- ഇടമലയാര്‍ ഡാമുകള്‍ ഒന്നിച്ചു തുറക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കിയതും കൃത്യമായ വിവരമുള്ളതു കൊണ്ടാണ്. എല്ലാ ഡാമുകളും ഒരുമിച്ചു തുറന്നു എന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം തീര്‍ത്തും അടിസ്ഥാനമില്ലാത്തതാണ്.

ചാലക്കുടി പുഴയില്‍ കേരളത്തിന്റെ നിയന്ത്രണത്തില്‍ ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളാണുള്ളത്. ചെറിയ സംഭരണശേഷി മാത്രമുള്ളതും എല്ലാ വര്‍ഷവും കവിഞ്ഞൊഴുകുന്നതുമായ ഡാമുകളാണ് രണ്ടും. ഇത്തവണ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് നീരൊഴുക്ക് ക്രമാതീതമായി കൂടി. പറമ്പിക്കുളം, തമിഴ്‌നാടിന്റെ ഷോളയാര്‍ ഡാമുകളില്‍ നിന്നുള്ള വെള്ളം കൂടി വന്നതോടെ ചാലക്കുടിയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. അതാണ് സംഭവിച്ചത്.

എറണാകുളം ജില്ലയിലെ കാലടി, പെരുമ്പാവൂര്‍, പറവൂര്‍, വൈക്കം, പന്തളം തുടങ്ങി അതിരൂക്ഷമായ പ്രളയമുണ്ടായ ഒരിടത്തും ഒരു മുന്നറിയിപ്പുമുണ്ടായില്ല എന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. എറണാകുളം ജില്ലയിലെ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ മുഴുവന്‍ പ്രദേശങ്ങളിലും വെള്ളം ഉയരുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി പദ്ധതിയുടെ ട്രയല്‍ റണ്ണിനു തയാറായ ജൂലൈ 26 ഘട്ടത്തില്‍ തന്നെ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇടമലയാര്‍, ഇടുക്കി ഡാമുകളുടെ വിവിധ അലര്‍ട്ട് ഘട്ടങ്ങളിലും ഡാം തുറക്കുന്നതിനു മുന്നോടിയായും കൃത്യമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആളുകളെ തീരങ്ങളില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. എല്ലാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട് എന്ന് ഫെയ്‌സ്ബുക്കില്‍ പറഞ്ഞത് പ്രതിപക്ഷ നേതാവ് ഇപ്പോള്‍ സൗകര്യപൂര്‍വം മറക്കുന്നു.

ഇടുക്കിയില്‍ 2397 അടിയായിട്ടും ട്രയല്‍ റണ്‍ നടത്തിയില്ല എന്നതാണ് പ്രതിപക്ഷ നേതാവിന്റെ മറ്റൊരു ആക്ഷേപം. ഇടുക്കിയില്‍ 2397 അടിയില്‍ ട്രയല്‍ റണ്‍ നടത്താനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, ഇതിനു മുമ്പുതന്നെ ഇടമലയാറില്‍ വെള്ളം നിറയുകയും അതേത്തുടര്‍ന്ന് ഇടമലയാര്‍ ഡാം 08.08.2018ന് തുറക്കുകയും ചെയ്യേണ്ടിവന്നു. 08.08.2018നാണ് ഇടുക്കി ഡാമില്‍ 2397 അടിയിലേക്ക് വെള്ളം എത്തിയത്. ഇടമലയാര്‍ തുറക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട സാഹചര്യത്തില്‍ അപ്പോള്‍ത്തന്നെ ഇടുക്കി കൂടി തുറന്നുവിട്ടാല്‍ വന്‍ നാശമുണ്ടായേനേ. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ട്രയല്‍ റണ്‍ മാറ്റിവെച്ചത്. മാറ്റിവെച്ചു എന്നു പറയാന്‍ പോലുമില്ല. പറ്റേദിവസം തന്നെ അത് നടത്തി. അതിനെ മാറ്റിവയ്ക്കലായി ചിത്രീകരിക്കേണ്ട കാര്യമേയില്ല.

ഈ വിഷയത്തില്‍ ജലവിഭവമന്ത്രിയും വൈദ്യുതിമന്ത്രിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു എന്നു പ്രതിപക്ഷ നേതാവ് പറയുന്നു. അത് അദ്ദേഹത്തിന്റെ ഭാവനയില്‍ മാത്രമുണ്ടായതാവാനേ വഴിയുള്ളു. ഒടുവില്‍ ഓഗസ്റ്റ് 9ന് ജലനിരപ്പ് 2398.98 അടിയിലെത്തിയപ്പോള്‍ മാത്രമാണ് ഒരു ഷട്ടര്‍ 50 സെന്റിമീറ്റര്‍ മാത്രമുയര്‍ത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയത് എന്നും, അപ്പോഴേക്ക് സമയം വൈകിയിരുന്നുവെന്നും പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയുണ്ടായി എന്നും അന്നു വൈകിട്ടുതന്നെ ജലനിരപ്പ് 2400.1 അടിയായി ഉയര്‍ന്നുവെന്നും പ്രതിപക്ഷ നേതാവ് പത്രക്കുറിപ്പില്‍ പറയുന്നു.

08.08.2018ന് ഉച്ചയോടെ 2397 അടി ആയിരുന്നു വെള്ളം. പിറ്റേന്ന് 2400.1 അടിയിലേക്കും തുടര്‍ന്ന് പത്താംതീയതി ആവുമ്പോഴേക്ക് പിടിച്ചാല്‍ കിട്ടാത്ത നിലയിലേക്കും ആയി എന്നു പറയുന്നതു പ്രതിപക്ഷ നേതാവ് തന്നെയാണ്. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ കൃത്യമായ കണക്കുമുണ്ട്. 08.08.2018 വരെ ഇല്ലാതിരുന്ന മഴ ഒറ്റയടിക്ക് തുടര്‍ച്ചയായി പെയ്ത് വെള്ളപ്പൊക്കമുണ്ടാക്കുകയായിരുന്നു എന്നത് ഇതില്‍ നിന്നുതന്നെ തെളിയുന്നുണ്ട്. രമേശ്, ഫെയ്‌സ്ബുക്കില്‍ പറയുന്നത് 30.07.2018ന് ഓറഞ്ച് അലര്‍ട്ടിനു താഴെയായിരുന്നു ജലനിരപ്പെന്നാണ്. അതിനുശേഷം ജലനിരപ്പ് കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

07.08.2018 വരെ ഇങ്ങനെ കുറഞ്ഞുകൊണ്ടിരുന്ന ജലനിരപ്പ് എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ വര്‍ധിച്ചു. 15.08.2018ന് രാത്രി മുല്ലപ്പെരിയാര്‍ ഡാം തുറന്നതും 16.08.18ന്റെ കനത്ത മഴയും കൂടിയായതോടെ ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നു. ഇത് ആര്‍ക്കും മുന്‍കൂട്ടി കാണാനാവുന്നതല്ല. എന്നിട്ടും സര്‍ക്കാര്‍ കരുതലോടെ ഇടപെട്ടു; മുന്നറിയിപ്പു നല്‍കി; ആളുകളെ മാറ്റിപാര്‍പ്പിച്ചു; പെയ്ത മഴയുടെ പകുതിയിലേറെ വെള്ളവും ഡാമില്‍ തന്നെ തടഞ്ഞുനിര്‍ത്തി പുറത്തേക്ക് ഒഴുക്കേണ്ട വെള്ളം നിയന്ത്രിച്ചു. 2013ല്‍ കനത്ത മഴ ഉണ്ടായപ്പോള്‍ ഇടുക്കി ഡാം തുറക്കേണ്ടി വന്നില്ല എന്നും മഴയുടെ വരവ് മുന്‍കൂട്ടി കണ്ട് ചെറിയ ഡാമുകള്‍ നേരത്തേ തുറന്നുവെയ്ക്കുകയും ഇടുക്കിയില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് ജലനിരപ്പ് താഴ്ത്തിവെയ്ക്കുകയുമാണ് ചെയ്തത് എന്ന് രമേശ് പറയുന്നു.

2013ല്‍ കാലവര്‍ഷം താരമ്യേന സാധാരണ നിലയില്‍ മാത്രമുള്ളതായിരുന്നു. ആ കാലവര്‍ഷ സമയത്ത് ഇടുക്കി ഡാമില്‍ വെള്ളം വര്‍ധിക്കുകയേ ഉണ്ടായിട്ടില്ല. തുലാവര്‍ഷ ഘട്ടത്തിലെ മഴയിലാണു വെള്ളം ഉയര്‍ന്നത്. അങ്ങനെ മഴ പെയ്തപ്പോള്‍ പോലും 2403, അതായത് ഫുള്‍ റിസര്‍വോയര്‍ ലെവലില്‍ വെള്ളമെത്തിയിട്ടും തുറന്നുവിടേണ്ട സാഹചര്യമുണ്ടായില്ല. അത്ര കുറച്ചു മഴയേ ഉണ്ടായുള്ളു. തുലാവര്‍ഷത്തിലാണ് ആ മഴ എത്തിയത്. തുടര്‍ന്ന് വേനലാണല്ലോ. രമേശ് പറയുന്നതുതന്നെ, ബിജെപി നേതാക്കളും പറയുന്നുണ്ട് എന്നതിനാല്‍ ഇരുകൂട്ടര്‍ക്കും വെവ്വേറെ മറുപടി പറയുന്നില്ല. ഇരുവര്‍ക്കും ഒരുമിച്ചുള്ള മറുപടിയാണിത്.

പിണറായിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ചെന്നിത്തലയ്‌ക്കെതിരേ വന്‍ ട്രോളുകളാണ് പുറത്തിറങ്ങുന്നത്. പ്രസ് മീറ്റിന് തയാറാകുന്നില്ലെന്ന് പൊതുവെ പരാതി പറയുന്ന മാധ്യമങ്ങള്‍ക്കെതിരേയും മുഖ്യമന്ത്രിയുടെ ദീര്‍ഘമായ വിവരണം ട്രോളാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

pathram:
Related Post
Leave a Comment