തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ടുദിവസത്തിനിടെ പൊലിഞ്ഞത് 108 ജീവനുകള്‍. മലപ്പുറം മറ്റത്തൂര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ചികില്‍സ കിട്ടാതെ സ്ത്രീ മരിച്ചു. മോതിയില്‍ കാളിക്കൂട്ടിയാണു മരിച്ചത്. തൃശൂര്‍ ജില്ലയില്‍ 21 പേരും മലപ്പുറം, ഇടുക്കി ജില്ലകളില്‍ 24 പേര്‍ വീതവും മരിച്ചു. മലപ്പുറത്ത് 19 പേരും മാന്നാറില്‍ ഏഴും കോട്ടയത്ത് നാലുപേരും മരിച്ചു.
അതേസമയം പ്രളയത്തില്‍ കുടുങ്ങിയവരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന തീവ്രശ്രമത്തിന് തുടക്കമായി. മല്‍സ്യബന്ധന ബോട്ടുകളുമായി മല്‍സ്യത്തൊഴിലാളികളും പ്രളയമേഖലകളിലെത്തി. ഇവിടങ്ങളിലേക്ക് കൂടുതല്‍ ഭക്ഷണം എത്തിക്കും. നാലു വിമാനങ്ങളില്‍ ഭക്ഷണം തിരുവനന്തപുരത്തെത്തിച്ചു. കൂടുതല്‍ വിമാനങ്ങള്‍ ഉടനെത്തും.
വെള്ളപ്പൊക്കത്തില്‍ കുടുങ്ങി ഒറ്റപ്പെട്ടനിലയില്‍ ഇപ്പോഴും ആയിരങ്ങളാണുള്ളത്. പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലാണു ദുരിതം കൂടുതല്‍. അതേസമയം, പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നാളെ പ്രളയമേഖല സന്ദര്‍ശിക്കും.
വിവിധ സ്ഥലങ്ങള്‍ വെള്ളത്തിലായതോടെ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. ശനിയാഴ്ച രാവിലെ മുതല്‍ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.