സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം നിലച്ചു; ദേശീയ പാതകള്‍ ഉള്‍പ്പെടെ റോഡ് ഗതാഗതവും പ്രശ്‌നത്തില്‍

കൊച്ചി: കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക വെള്ളപ്പൊക്കം തുടന്ന സാഹചര്യത്തില്‍
റെയില്‍ ഗതാഗതം നിര്‍ത്തിവച്ചു. ദേശീയ പാതകള്‍ ഉള്‍പ്പെടെ പല ഭാഗങ്ങളില്‍ റോഡ് ഗതാഗതം സ്തംഭിക്കുന്നു. പല സ്ഥലങ്ങളിലും റെയില്‍ പാളങ്ങളില്‍ വെള്ളവും മറ്റ് തടസ്സങ്ങളും കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് എപ്പോള്‍ പുനഃസ്ഥാപിക്കും എന്ന കാര്യത്തില്‍ റെയില്‍വേയും കൃത്യമായ നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. തിരുവനന്തപുരത്ത് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തിവെച്ചു. നിരവധിയാളുകള്‍ വിവിധ സ്റ്റേഷനുകളില്‍ കുടുങ്ങിക്കിടക്കുകയാണ്.

സതേണ്‍ റെയില്‍വേ ഡിവിഷനില്‍ അഞ്ച് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. എറണാകുളം ജങ്ഷന്‍- ആലപ്പുഴ പാസ്സഞ്ചര്‍, ആലപ്പുഴ എറണാകുളം പാസ്സഞ്ചര്‍, എറണാകുളം ജങ്ഷന്‍ കോട്ടയം പാസ്സഞ്ചര്‍, കോട്ടയം എറണാകുളം ജങ്ഷന്‍ പാസ്സഞ്ചര്‍, പാലക്കാട് എറണാകുളം ജങ്ഷന്‍ പാസ്സഞ്ചര്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആലുവയ്ക്കും ചാലക്കുടിക്കുമിടയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തി വെച്ചിരിക്കയാണ്. പല ട്രെയിനുകളും പാലക്കാട് വരെയായി വെട്ടിച്ചുരുക്കി. ട്രിവാന്‍ട്രം-മംഗളൂരു മാംഗളൂര്‍ എക്സ്പ്രസ് ചാലക്കുടിയില്‍ നിര്‍ത്തയിട്ടിരിക്കയാണ്. ഏറനാട് എക്സ്പ്രസ് ഹരിപ്പാട് പിടിച്ചിട്ടിരിക്കയാണ്. പരശുറാം എക്സ്പ്രസ് കൊയിലാണ്ടിയില്‍ പിടിച്ചിട്ടു. മംഗള എക്സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടു. ഈ ട്രെയിനുകള്‍ എപ്പോള്‍ പുറപ്പെടും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കുര്‍ള-നേത്രാവതി വണ്ടി കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചേക്കും.

ട്രെയിന്‍ ഗതാഗതത്തിന് പുറമെ പല സ്ഥലങ്ങളിലും ബസ് ഗതാഗതവും ഭാഗിഗമായോ പൂര്‍ണമായോ നിലച്ച അവസ്ഥയാണ്. തിരുവല്ല എറണാകുളം ഭാഗത്തേക്കുള്ള എം.സി റോഡില്‍ ഗതാഗതം നിരോധിച്ചു. തൃശൂരില്‍ നിന്നും പാലക്കാട് പോകുവാന്‍ കുതിരാന്‍ അടച്ചു. ഷൊര്‍ണൂര്‍ വഴി പലയിടങ്ങളിലും വെള്ളം കയറി കിടക്കുന്നതിനാല്‍ ഗതാഗതം സ്തംഭിച്ചു. കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടിലിറങ്ങിയ വിദേശ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ സാധിക്കുന്നില്ല. കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ കേരളത്തിലേക്കുള്ള എല്ലാ ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചു.

ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ആളുകളാണ് വഴിയിലും റെയില്‍വേ സ്റ്റേഷനിലും കുടുങ്ങി കിടക്കുന്നത്. പല സ്ഥലത്തും ബസ്സോ മറ്റ് വാഹനങ്ങളോ ഇല്ലാത്തത് സ്ഥിതിഗതികള്‍ രൂക്ഷമാക്കി. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ തടസ്സപ്പെടാനോ വൈകാനോ സാധ്യതയുണ്ട്. കൊച്ചി മെട്രോ സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7