വയനാട്: ദുരിതാശ്വാസ ക്യാമ്പുകളെ വീട്ടിലെ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കളയാനുള്ള ഇടമായി ചിലര്‍ ഉപയോഗിക്കുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തി മാധ്യമപ്രവര്‍ത്തകനും വയനാട് സ്വദേശിയുമായ കെ.എ ഷാജി. വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ആരോ കൊടുത്തയച്ച ‘സഹായം’ ആണിത്. കീറിയ അടിവസ്ത്ര എന്ന തലക്കെട്ടോടെ തന്റെ ഫേസ്ബുക്കില്‍ അദ്ദേഹം ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
‘വയനാട്ടിലെ ദുരിതാശ്വാസ കേന്ദ്രത്തിലെത്തപ്പെട്ട പഴന്തുണികള്‍ക്കിടയില്‍ നിന്നും രക്ഷാപ്പവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു സുഹൃത്ത് കണ്ടെത്തി അയച്ചു തന്നത്’ എന്നു പറഞ്ഞുകൊണ്ടാണ് കീറിയ അടിവസ്ത്രത്തിന്റെ ചിത്രം അദ്ദേഹം പങ്കുവെച്ചത്. ‘മനുഷ്യനന്മകളിലുള്ള വിശ്വാസം തകര്‍ക്കരുത്. ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇമ്മാതിരി സഹായങ്ങള്‍ വേണ്ട’ എന്നും അദ്ദേഹം കുറിക്കുന്നു.
വീട്ടില്‍ ഉപയോഗ ശൂന്യമായ തുണികള്‍ കളയാനുള്ള ഇടമായി ദുരിതാശ്വസ കേന്ദ്രങ്ങളെ ചിലര്‍ കാണുന്നുവെന്ന കാര്യം നേരത്തെയും പലരും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വസ്ത്രങ്ങളും മറ്റും ശേഖരിച്ച് ക്യാമ്പുകളിലെത്തിക്കുന്ന വളണ്ടിയര്‍മാരില്‍ പലരും നേരത്തെ തന്നെ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു.
കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന എന്‍. പ്രശാന്തിനെപ്പോലുള്ളവര്‍ ഇത് ശ്രദ്ധയില്‍പ്പെടുത്തി ചില മുന്നറിയിപ്പുകളും നല്‍കിയിരുന്നു.
‘1) വീട്ടില്‍ കളയാന്‍/ഒഴിവാക്കാന്‍ വെച്ച ഐറ്റംസ് തള്ളാനുള്ള അവസരമായി കാണാതിരിക്കുക.
2) പഴകിയതും വൃത്തിഹീനവും കീറിയതുമായ വസ്ത്രങ്ങള്‍ തന്ന് സഹായിക്കരുത്.
3) പെട്ടെന്ന് കേടാവാന്‍ സാധ്യതയുള്ള ഭക്ഷണങ്ങള്‍ വേണ്ട.
4) ഷോ ഓഫിനുള്ള അവസരമായി കാണാതിരിക്കുക- കൊടുക്കുന്നത് ഫോട്ടോ എടുത്തില്ലെങ്കിലും കുഴപ്പമില്ല.
5) നാളെ ആര് എപ്പൊ അഭയാര്‍ത്ഥിയാകുമെന്ന് പറയാന്‍ പറ്റില്ല. ക്യാമ്പുകളിലുള്ളവരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കാതെ വേണം സഹായഹസ്തം നീട്ടേണ്ടത്.’ എന്നായിരുന്നു പ്രശാന്ത് നായരുടെ കുറിപ്പ്.