ഇടുക്കി: ജലനിരപ്പ് കുറഞ്ഞതോടെ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഇരുവശങ്ങളിലുമുള്ള ഷട്ടറുകളാണ് അടച്ചത്. ജലനിരപ്പ് 2497 അടിയാകുമ്പോള്‍ ഷട്ടര്‍ അടക്കാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നു. നിലവില്‍ ഡാമിലെ ജലനിരപ്പ് 2397.04 അടിയാണ്.നിലവില്‍ ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. മൂന്നു ഷട്ടറുകള്‍ തുറന്ന നിലയില്‍ തുടരാനാണു തീരുമാനം.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയെത്തുമ്പോള്‍ പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവു നിയന്ത്രിക്കുമെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള നേരത്തേ വ്യക്തമാക്കിയിരുന്നു. ഏതുതരത്തിലുള്ള നീരൊഴുക്കു നിയന്ത്രിക്കാനും ബോര്‍ഡ് സജ്ജമാണ്.
ഇടുക്കി ഡാമിലെ ജലനിരപ്പ് സുരക്ഷിതപരിധിയില്‍ എത്തിയതോടെയാണ് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കുന്നത്. ജലനിരപ്പ് 2397 അടിക്കു താഴെയെത്തിയാല്‍ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് 300 ക്യുമെക്സ് ആയി കുറയ്ക്കാനാണു തീരുമാനം.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കില്ലെന്ന് ബോര്‍ഡ് അറിയിച്ചു.