ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് തോല്‍ക്കാന്‍ കാരണം ഇതാണ്; ക്യാപ്റ്റന്‍ കോഹ്ലി പറയുന്നു…

ഇംഗ്ലണ്ടിനെതിരേ വന്‍ തോല്‍വി ഏറ്റുവാങ്ങിയിട്ടും ന്യായീകരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി രംഗത്തെത്തി. ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാമത്തെ മത്സരത്തില്‍ 159 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യയ്ക്ക് വഴങ്ങേണ്ടി വന്നത്. ഞങ്ങള്‍ നന്നായി കളിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ ജയം ഒപ്പമുണ്ടായില്ലെന്നുമാണ് മത്സരശേഷമുള്ള പ്രതികരണത്തില്‍ കോഹ്‌ലി പറഞ്ഞത്. കളിക്കാരെ കുറ്റപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ആദ്യ മത്സരത്തില്‍ ജയിക്കാവുന്ന കളിയാണ് ഇന്ത്യ കൈവിട്ടതെങ്കില്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് ഇന്ത്യയെ വെറുതെ വിട്ടില്ല. ബാറ്റിംഗിലും ബൗളിംഗിലും ആധിപത്യം സ്ഥാപിച്ച അവര്‍ ഒരു ഇന്നിംഗ്‌സിനും 159 റണ്‍സിനുമാണ് ഇന്ത്യയെ തകര്‍ത്തത്. രണ്ടിന്നിംഗ്‌സുകളിലും ബൗളിംഗില്‍ ഇംഗ്ലീഷ് താരങ്ങള്‍ മികച്ചുനിന്നു.

മൂന്നാം ടെസ്റ്റിന് മുന്‍പായി മാനസികമായി കരുത്തുനേടണമെന്ന് ക്യാപ്റ്റന്‍ സഹകളിക്കാരെ ഉപദേശിച്ചു. ഞങ്ങള്‍ നല്ല ക്രിക്കറ്റ് കളിച്ചില്ല. എന്നാല്‍, നന്നായി ബൗള്‍ ചെയ്തു. ഫീല്‍ഡില്‍ അധികം ചാന്‍സുകള്‍ തങ്ങള്‍ക്ക് ലഭിച്ചില്ല. ബൗളിംഗിലും ബാറ്റിംഗിലും കൂടുതല്‍ നന്നാവേണ്ടതായിരുന്നെന്നും കോഹ്‌ലി പറഞ്ഞു. വണ്‍ മാന്‍ ആര്‍മി എന്ന ആരോപണത്തെ കോഹ്‌ലി നിഷേധിച്ചു. ടീമിന്റെ പ്രകടനമാണ് ജയവും തോല്‍വിയും നിശ്ചയിക്കുന്നത്. തങ്ങള്‍ എന്താണ് ചെയ്യുന്നതെങ്കിലും അത് ഉത്തരവാദിത്വമാണ്. തെറ്റുകള്‍ മറച്ചുവെക്കുന്നില്ല. അത് പരിശോധിക്കുകയും അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് കോഹ്‌ലി പറഞ്ഞു.

ടെന്റ് ബ്രിഡ്ജില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് ജയിച്ച് 2-1 എന്ന നിലയില്‍ പരമ്പര എത്തിക്കാനാണ് ഇനിയുള്ള ശ്രമം. ഇംഗ്ലണ്ടിനെ പോലുള്ള ഒരു ടീമിനെതിരെ അവരുടെ മൈതാനത്ത് കളിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. അവര്‍ അവരുടെ ഭാഗം നന്നായി കളിച്ചിട്ടുണ്ട്. അവരെ അഭിനന്ദിക്കുന്നതായും വിരാട് പറഞ്ഞു. കളിയില്‍ മാനസികമായി കരുത്തുനേടല്‍ പ്രധാനമാണെന്ന് ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഓരോരുത്തരുടെയും മനസിലുണ്ടാകണം. ടീമിനുവേണ്ടി താന്‍ കളിക്കേണ്ടതുണ്ടെന്നും സ്വയം പറയണം. മാനസികമായി കരുത്തുനേടിയാല്‍ ഏത് പ്രതികൂല സ്ഥിതിയെയും നേരിടാന്‍ സാധിക്കും കോഹ്‌ലി പറഞ്ഞു.

pathram:
Leave a Comment