ദുരിതാശ്വാസ നിധിയിലേക്ക് യൂസഫ് അലി അഞ്ചു കോടി രൂപ നല്‍കും

കേരളത്തിലുണ്ടായ പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) ഉദാരമായി സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു. വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടുമാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥന നടത്തിയിരുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വമേധയാ തന്നെ ധാരാളം വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും നിലവില്‍ സംഭാവന നല്‍കുന്നുണ്ട്. ദുരിതാശ്വാസത്തിന് കര്‍ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്നാട് 5 കോടി രൂപയും അനുവദിച്ചിരുന്നു. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 9 വരെയുളള ദിവസങ്ങളില്‍ 1.75 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചിട്ടുള്ളത്.

തമിഴ് താരസഹോദരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹസ്സനും. ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് കമല്‍ ഹാസന്‍ സംഭാവന നല്‍കിയിരിക്കുന്നത്. വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.
കൂടാതെ താരസംഘടനായ അമ്മ പത്ത് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular