സിറോ മലബാര്‍ ഭൂമി ഇടപാട് കേസ്, കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായനികുതി വകുപ്പ് ആറുമണിക്കൂര്‍ ചോദ്യം ചെയ്തു

കൊച്ചി: സിറോ മലബാര്‍ സഭയുടെ കീഴിലുളള എറണാകുളം- അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. ആദായനികുതി വകുപ്പിന്റെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ ആറുമണിക്കൂറോളം നീണ്ടതായാണ് വിവരം.

ഭൂമിയിടപാടിലെ കളളപ്പണം സംബന്ധിച്ച ആരോപണങ്ങളില്‍ കര്‍ദിനാളില്‍ നിന്ന് ആദായനികുതി വകുപ്പ് മൊഴിയെടുത്തു. അടുത്തിടെ,
ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അനുകൂലമായ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു. സഭ ഭൂമി ഇടപാടില്‍ അന്വേഷണം വേണമെന്നും, കര്‍ദിനാളിനെതിരായ എഫ്ഐആര്‍ റദ്ദാക്കിയ നടപടി ചോദ്യം ചെയ്തുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

പരാതി ഇവിടെ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും, ആവശ്യമെങ്കില്‍ പരാതിക്കാര്‍ക്ക് മജിസ്ട്രേറ്റിനെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇത് ഗൗരവമായ വിഷയമാണെന്നും, വലിയ അഴിമതിയാണ് നടന്നതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതെല്ലാം പരാതിക്കാര്‍ക്ക് മജിസ്ട്രേറ്റ് കോടതിയില്‍ ഉന്നയിക്കാമെന്ന് ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഭൂമിയിടപാട് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ആലഞ്ചേരി അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിന് എതിരെയാണ് പരാതിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7