കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ പ്രത്യേക ജനറല്‍ബോഡി വിളിച്ച് രഹസ്യവോട്ടെടുപ്പ് നടത്തുമെന്ന് റിപ്പോര്‍ട്ട്. വനിതാ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനം.
ചൊവ്വാഴ്ച രേവതി, പത്മപ്രിയ, പാര്‍വതി തിരുവോത്ത് എന്നിവരുമായി ‘അമ്മ’ നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പുറത്താക്കിയെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇതിനുള്ള തീരുമാനം മരവിപ്പിച്ചുവെന്ന് കഴിഞ്ഞ വാര്‍ഷിക ജനറല്‍ബോഡിയുടെ റിപ്പോര്‍ട്ടിലും പറയുന്നു.
ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നായിരുന്നു മുകേഷിന്റെ വാദം. ഇതിനെ പത്മപ്രിയ അതിശക്തമായി എതിര്‍ത്തു. ദിലീപ് പ്രതിയാണെന്ന് അവര്‍ തറപ്പിച്ചുപറഞ്ഞു. കേസില്‍ ജയിലില്‍ കിടന്നയാളുമാണ്. നിയമവിദഗ്ധരുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും ഇക്കാര്യത്തിലെ നിയമവശങ്ങളും പത്മപ്രിയ ഒന്നിനുപിറകേ ഒന്നായി അവതരിപ്പിച്ചു.
എന്നിട്ടും ദിലീപ് അനുകൂലികള്‍ സസ്പന്‍ഡ് ചെയ്യുന്ന കാര്യത്തില്‍ സമ്മതിച്ചില്ല. തുടര്‍ന്നാണ് വോട്ടെടുപ്പ് എന്ന നിര്‍ദേശമുയര്‍ന്നത്. അടുത്ത ജനറല്‍ബോഡിയില്‍ പരസ്യവോട്ടെടുപ്പ് ആകാമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. പക്ഷേ, ജോയ് മാത്യു ഇതിനെ എതിര്‍ത്തു. പരസ്യവോട്ടെടുപ്പ് സത്യസന്ധമാകില്ലെന്നും പലതരത്തിലുള്ള ഭീഷണികള്‍ക്ക് സാധ്യതയുണ്ടെന്നും അംഗങ്ങള്‍ വോട്ട് ചെയ്യാന്‍ മടിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒടുവില്‍ മോഹന്‍ലാല്‍ രഹസ്യവോട്ടെടുപ്പ് എന്ന നിര്‍ദേശം വയ്ക്കുകയായിരുന്നു.
എന്നാല്‍ വോട്ടെടുപ്പ് ദിലീപിന് അനുകൂലമാക്കാനുള്ള തന്ത്രങ്ങള്‍ മെനയാണ് ദിലീപ് അനുകൂലികളുടെ ശ്രമം. ഇതോടെ പ്രശ്‌നങ്ങള്‍ ഒതുക്കാനും സാധിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. എംഎല്‍എയായ മുകേഷ് ആണ് ഇതിനുവേണ്ടി ശക്തമായി മുന്നിട്ടിറങ്ങുന്നതെന്നാണ് ഏവരെയും അമ്പരപ്പിക്കുന്നത്.
എക്‌സിക്യുട്ടീവ് യോഗത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കേണ്ട എന്നതായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം. ജോയന്റ് സെക്രട്ടറി സിദ്ദിഖും വൈസ് പ്രസിഡന്റ് മുകേഷുമാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചത്. പക്ഷേ, മോഹന്‍ലാല്‍ ഇതിനെ അനുകൂലിച്ചില്ല. ‘നമുക്ക് മാധ്യമങ്ങളില്‍നിന്ന് ഒളിക്കാന്‍ ഒന്നുമില്ലല്ലോ’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനുശേഷമാണ് പത്രസമ്മേളനം നടത്തിയത്.
അതിനിടെ നടിയെ ആക്രമിച്ച കേസില്‍ കക്ഷിചേരല്‍ ഹര്‍ജി നല്‍കിയ താന്‍ ചതിക്കപ്പെട്ടെന്ന് നടി ഹണിറോസ് യോഗത്തില്‍ പരാതിപ്പെട്ടു. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് ഹര്‍ജി തയ്യാറാക്കിയ ബാബുരാജുമായി സംസാരിച്ചത്. ഹര്‍ജിയിലെന്താണ് എന്നറിയണമെന്നുപറഞ്ഞപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും ഒപ്പ് വാട്‌സാപ്പില്‍ ഇട്ട് അയച്ചുതന്നാല്‍ മതിയെന്നുമായിരുന്നു മറുപടിയെന്നും ഹണി പറഞ്ഞു. അതുപറ്റില്ലെന്നും ഹര്‍ജി കാണണമെന്നും പറഞ്ഞപ്പോള്‍ ഒന്നും മൂന്നും പേജുകള്‍ അയച്ചുതന്നു. രണ്ടാംപേജിലാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഭാഗം ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ താന്‍ ഒറ്റപ്പെട്ടുപോയ അവസ്ഥയാണുണ്ടായതെന്നും ഹണി പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട്. അമ്മ യോഗത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നതിനെതരേയും യോഗത്തില്‍ ചര്‍ച്ചയുണ്ടായി. മോഹന്‍ലാല്‍ രാജിക്കൊരുങ്ങി എന്നുവരെ വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ നടന്ന യോഗത്തില്‍ വാര്‍ത്ത എങ്ങനെയാണ് പുറത്തായതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. സംഘടനയ്ക്കുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിനെ എതിര്‍ക്കാനോ ഭിന്നിപ്പുണ്ടാക്കാനോ ആണ് ശ്രമിക്കുന്നതെങ്കില്‍ താന്‍ രാജിവയ്ക്കുമെന്നുമുള്ള നിലപാട് യോഗത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു.
Leave a Comment