തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നടന്‍ മോഹന്‍ലാലിനെതിരെ വേറിട്ട പ്രതിഷേധവുമായി നടന്‍ അലന്‍സിയര്‍. മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകള്‍ തോക്കുപോലെയാക്കി രണ്ടുവട്ടം അലന്‍സിയര്‍ വെടിയുതിര്‍ത്തു. മോഹന്‍ലാല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതു കള്ളമെന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ അലന്‍സിയറുടെ പ്രതികരണം.
തുടര്‍ന്നു സ്റ്റേജിലേക്കു കയറി മോഹന്‍ലാലിന് അടുത്ത് എത്താനുള്ള ശ്രമം ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പൊലീസും ചേര്‍ന്നു തടയുകയും സ്റ്റേജിനു പുറകിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനിടയില്‍ മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എംഎല്‍എ തുടങ്ങിയവര്‍ വേദിയിലിരിക്കെയായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം.
വിരലുകള്‍ തോക്കുപോലെയാക്കി അലന്‍സിയര്‍ വെടിവയ്ക്കുന്നതു ബാലന്‍ മുഖ്യമന്ത്രിയെ കാണിച്ചു കൊടുത്തെങ്കിലും ഗൗരവം കുറയ്ക്കാനായി മുഖ്യമന്ത്രി ആസ്വദിച്ചു ചിരിച്ചു വിടുകയായിരുന്നു. അതേസമയം തന്റെ പ്രവൃത്തിയില്‍ പ്രതിഷേധസൂചകമായി എന്തെങ്കിലും കാണേണ്ടതില്ലെന്ന് അലന്‍സിയര്‍ പറഞ്ഞു. ആ നിമിഷം എന്താണു ചെയ്തതെന്നു വ്യക്തമായ ഓര്‍മയില്ലെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാര പ്രഖ്യാപന വേളയില്‍ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരത്തെ അലന്‍സിയര്‍ വിമര്‍ശിച്ചിരുന്നു. തനിക്കു സ്വഭാവ നടനുള്ള പുരസ്‌കാരം നല്‍കിയപ്പോള്‍ നായകന്മാരൊക്കെ ചെയ്യുന്നത് എന്തു വേഷമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
Leave a Comment