വെറുക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കും അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടരാം, എന്നാല്‍ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നാണ് ഐശ്വര്യ റായ് ബച്ചന്‍ പറയുന്നത്. അടുത്തിടെ മകള്‍ ആരാധ്യയുടെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളാണ് ഐശ്വര്യ നേരിട്ടത്.
അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് ഐശ്വര്യ സംസാരിക്കുകയുണ്ടായി. മറ്റുള്ളവര്‍ പറയുന്നതല്ല താന്‍ എന്താണെന്ന് തീരുമാനിക്കുന്നതെന്ന് ഐശ്വര്യ വ്യക്തമാക്കി.
‘ആളുകള്‍ക്ക് ഓരോ കാര്യത്തിലും അഭിപ്രായങ്ങള്‍ ഉണ്ടാകും. ഞാന്‍ ചെയ്യുന്ന കാര്യങ്ങളെയോ, പൊതു ഇടങ്ങളില്‍ ഞാനെങ്ങനെ എന്റെ മകളോടു പെരുമാറുന്നു എന്നതിനെയോ ആ അഭിപ്രായങ്ങള്‍ ഒരിക്കലും സ്വാധീനിക്കാന്‍ പോകുന്നില്ല,’ ഐശ്വര്യ വ്യക്തമാക്കി.
എന്തെല്ലാം ട്രോളുകള്‍ വന്നാലും താന്‍ ഇങ്ങനെ തന്നെയായിരിക്കുമെന്നും ഐശ്വര്യ പറഞ്ഞു. ‘ഞാന്‍ ചെയ്യുന്ന കാര്യങ്ങളെ വിധിച്ചോട്ടെ. അതെന്റെ മകളാണ്. ഞാനവളെ സ്നേഹിക്കുന്നു. അവളെ ഞാന്‍ സംരക്ഷിക്കുകയും ചേര്‍ത്തുപിടിക്കുകയുമെല്ലാം ചെയ്യും. എന്റെ മകളും എന്റെ ജീവിതവുമാണ്,’ ഐശ്വര്യ തുറന്നടിച്ചു.
ആളുകള്‍ തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിയാമെന്നും ചിത്രങ്ങള്‍ കണ്ട് അഭിപ്രായങ്ങള്‍ പറയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പറഞ്ഞ ഐശ്വര്യ, അക്കാരണങ്ങള്‍കൊണ്ടൊന്നും താന്‍ കൃത്രിമമായി ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും പറഞ്ഞു.
തന്റെ ചുണ്ടു കൊണ്ടു മകളുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്ന ഒരു ചിത്രം ഐശ്വര്യ പോസ്റ്റ് ചെയ്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ‘അകമഴിഞ്ഞു നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മ ‘ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.
എന്നാല്‍ ആരാധ്യയുടെ ചുണ്ടില്‍ ഐശ്വര്യ ചുംബിച്ചതു ശരിയായില്ല എന്നായിരുന്നു ചിലരുടെ കമന്റ്. മറ്റുള്ളവരുടെ മുന്നില്‍ താന്‍ നല്ല അമ്മയാണെന്ന് കാണിക്കാന്‍ ശ്രമിക്കുകയാണ്, കൊച്ചുകുട്ടികളുടെ ചുണ്ടില്‍ ചുംബിക്കുന്നത് ശരിയല്ല, ഐശ്വര്യ ഒരു അമ്മ തന്നെയാണോ, ആരാധ്യ ശരിക്കും നിങ്ങളുടെ മകള്‍ തന്നെയാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും പോസ്റ്റിനു താഴെയുണ്ടായിരുന്നു.
അതേസമയം, ഐശ്വര്യയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അമ്മയും മകളും തമ്മിലുള്ള നിഷ്‌കളങ്കമായ ചിത്രത്തെ ഇത്തരത്തില്‍ മോശമായി ചിത്രീകരിക്കുന്നവര്‍ മനുഷ്യരല്ല, മറ്റു ജോലികളൊന്നും ഇല്ലാത്തതുകൊണ്ടാണ് ഇത്തരം വിമര്‍ശനങ്ങളുമായി ഇറങ്ങിയിരിക്കുന്നത് എന്നെല്ലാം പറഞ്ഞ് ആളുകള്‍ ഐശ്വര്യയ്ക്കു പിന്തുണ അറിയിച്ചിരുന്നു.