ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിക്കാന്‍ ഇന്ത്യയ്ക്കുവേണ്ടത് 84 റണ്‍സ് കൂടി. അഞ്ച് വിക്കറ്റ് കൈയിലുള്ള ഇന്ത്യയ്ക്ക് രണ്ടു ദിവസം ബാക്കിയുമുണ്ട്. ബൗളര്‍മാര്‍മാര്‍ പിടിമുറിക്കിയ രണ്ടാം ദിനം 194 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 110 റണ്‍സ് എന്ന നിലയിലാണ്. 48 റണ്‍സെടുത്ത വിരാട് കോലിയും 18 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കുമാണ് ക്രീസില്‍. മുരളി വിജയ് (6), ശിഖര്‍ ധവാന്‍ (13), കെ. എല്‍. രാഹുല്‍ (13), അജിങ്ക്യ രഹാനെ (2), ആര്‍.അശ്വിന്‍ (13) എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിനുവേണ്ടി ബ്രോഡ് രണ്ടും ആന്‍ഡേഴ്‌സണും സ്‌റ്റോക്‌സും കറനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 180 റണ്‍സില്‍ അവസാനിച്ചിരുന്നു. ഉച്ചയ്ക്കു മുന്‍പ് ആറു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിനെ സാം കറന്‍ആദില്‍ റഷീദ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. എട്ടാം വിക്കറ്റില്‍ 48 റണ്‍സ് ഇവര്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു.
ഏകദിന ശൈലിയില്‍ ബാറ്റുവീശിയ സാം കറനാണ് ഇംഗ്ലണ്ടിനെ 150 കടത്തിയത്. 65 പന്തില്‍ ഒന്‍പത് ബൗണ്ടറികളും രണ്ട് സിക്‌സും ഉള്‍പ്പെടെ 63 റണ്‍സെടുത്ത കറന്‍ ഏറ്റവും ഒടുവിലാണ് പുറത്തായത്. രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന കറന്റെ ആദ്യ ടെസ്റ്റ് അര്‍ധസെഞ്ചുറിയാണിത്. ആദ്യ ഇന്നിങ്‌സില്‍ 24 റണ്‍സെടുത്ത കറന്‍ പത്താമനായി തന്നെയാണ് പുറത്തായത്.
ഇന്ത്യയ്ക്കായി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ ബൗളിങ്ങില്‍ തിളങ്ങി. 21 ഓവറില്‍ 51 റണ്‍സ് വഴങ്ങിയാണ് ഇഷാന്ത് അഞ്ചു വിക്കറ്റെടുത്തത്. അശ്വിനും ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീതം നേടി.
ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് സ്‌കോര്‍ 18ല്‍ എത്തിയപ്പോള്‍ കിന്റണ്‍ ജെന്നിങ്‌സിനെ നഷ്ടമായി. അശ്വിനായിരുന്നു വിക്കറ്റ്.
Leave a Comment