തൊടുപുഴ കൂട്ടക്കൊലപാതകം: മൃതദേഹങ്ങളില്‍ മാരകമുറിവുകള്‍; മരിച്ച ഗൃഹനാഥന്‍ വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നതായി സഹോദരൻ

തൊടുപുഴ: വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി കൃഷ്ണന്റെ സഹോദരന്‍. ദുരൂഹസാഹചര്യത്തില്‍ മരിച്ച ഗൃഹനാഥന്‍ കൃഷ്ണന്‍ വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നതായി സഹോദരന്‍ യജ്ഞേശ്വരന്‍ ആരോപിച്ചു. രാത്രികാലങ്ങളില്‍ കാറുകളില്‍ ആളുകള്‍ വീട്ടിലെത്തിയിരുന്നു.എന്നാല്‍ പത്തുവര്‍ഷമായി കൃഷ്ണനുമായി യാതൊരു ബന്ധവുമില്ലെന്നും യജ്ഞേശ്വരന്‍ പറയുന്നു.

തൊടുപുഴ മുണ്ടന്‍ മുഴിയിലാണ് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. വണ്ണപ്പുറം കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല മക്കളായ ആദര്‍ശ്(18), ആര്‍ഷ(20) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിന് പത്ത് മീറ്റര്‍ അകലെയായി കണ്ടെത്തിയ കുഴിയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കുഴിയില്‍ ഒന്നിന് മുകളില്‍ ഒന്നായി അടുക്കിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ .വീടിന്റെ ജനാലകള്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച നിലയിലാണ്.

അതേസമയം പരിശോധനയില്‍ മൃതദേഹങ്ങളില്‍ മാരകമുറിവുകള്‍ കണ്ടെത്തി. കൃഷ്ണന്റെയും മകന്റെയും മൃതദേഹങ്ങള്‍ തലയ്ക്ക് മാരകമായ മുറിവുകളേറ്റ നിലയിലാണ് കണ്ടെത്തിയത്. കൃഷ്ണന്റെ ഭാര്യ സുശീല നെഞ്ചിലും വയറ്റിലും കുത്തേറ്റനിലയിലാണ്. മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധന തുടരുകയാണ്. ഇതിനിടെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെത്തി. കത്തിയും ചുറ്റികയുമാണ് വീടിന്റെ പരിസരത്ത് നിന്നും കണ്ടെടുത്തത്.

റബ്ബര്‍ പാലെടുക്കാത്തത് കണ്ടിട്ട് സംശയം തോന്നിയ നാട്ടുകാരാണ് കൃഷ്ണനെയും കുടുംബത്തെയും കാണാനില്ലെന്ന്‌പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിനുള്ളില്‍ നിന്ന് രക്തക്കറ കണ്ടെത്തുകയായിരുന്നു. വീടിന് സമീപം പുതുതായി വെട്ടിയ നിലയില്‍ കണ്ടെത്തിയ വലിയ കുഴിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കൃഷ്ണന്റെ കുടുംബം ബന്ധുക്കളുമായും നാട്ടുകാരുമായും അകന്ന് കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7