ന്യൂഡല്‍ഹി: ശുദ്ധമായ വായുവും വെളിച്ചവും കടക്കാത്ത ജയിലുകളാണ് ഇന്ത്യയിലേതെന്ന് വിവിധ ബാങ്കുകളില്‍ നിന്നും ശതകോടികളുടെ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യ. ഇത് സംബന്ധിച്ച പരാതിയെ തുടര്‍ന്ന് മുംബൈയിലെ ആര്‍തര്‍ ജയിലില്‍ നിന്നുളള ദൃശ്യങ്ങള്‍ ഹാജരാക്കണമെന്ന് ഇംഗ്ലണ്ട് കോടതി ഉത്തരവിട്ടു. കേസിന്റെ വാദം സെപ്തംബര്‍ 12ന് തുടരും.
ജയിലില്‍ പ്രകൃതിദത്തമായ വെളിച്ചവും ശുദ്ധവായും കടക്കുന്നില്ലെന്നും അവിടെ പാര്‍പ്പിക്കുന്നതില്‍ എതിര്‍പ്പുണ്ടെന്നും മല്യയുടെ അഭിഭാഷക ക്ലെയര്‍ മോണ്ട്‌ഗോമേരി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്ത്യ ജയിലിന്റെ ചിത്രങ്ങള്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കി. എന്നാല്‍ ഫോട്ടോയില്‍ കാണുന്ന ജയിലകങ്ങളിലൂടെ ഒരാള്‍ നടക്കുന്ന വീഡിയോ ഹാജരാക്കണമെന്ന് കോടതി പറഞ്ഞു.
‘ഉച്ച സമയത്ത് വീഡിയോ പകര്‍ത്തണം. സൂര്യപ്രകാശം അകത്തേക്ക് കടക്കുന്നത് വീഡിയോയില്‍ കാണണം’, ജഡ്ജി എന്ന അബ്രോത്‌നോട്ട് ആവശ്യപ്പെട്ടു. ഇന്ത്യ ഹാജരാക്കിയ ചിത്രങ്ങളില്‍ സൂര്യപ്രകാശമോ ശുദ്ധവായു കടക്കുന്ന ഭാഗങ്ങളിലെന്ന് മല്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക വാദിച്ചു. കെട്ടിടത്തിനകത്ത് വെളിച്ച് കാണിച്ച് കൃത്രിമമായാണ് ചിത്രം തയ്യാറാക്കിയതെന്നും ഇവര്‍ വാദിച്ചു. എന്നാല്‍ മനുഷ്യാവകാശ കമ്മീഷന്റെ നിബന്ധനകള്‍ പാലിച്ചുളളതാണ് ജയിലെന്ന് ഇന്ത്യ കോടതിയില്‍ വ്യക്തമാക്കി.
തനിക്കെതിരായ കേസുകളില്‍ നിയമനടപടികള്‍ നേരിടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി വിജയ് മല്യ ഇന്ത്യന്‍ അധികൃതരെ സമീപിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യം നടത്തിയതിനുശേഷം രാജ്യം വിടുന്ന പ്രതികളുടെ സമ്പാദ്യം കണ്ടുകെട്ടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന നിയമമാണ് മല്യയെ നാട്ടിലേക്ക് മടങ്ങിവരാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. പുതിയ നിയമമനുസരിച്ച് സാമ്പത്തിക തട്ടിപ്പു കേസുകളിലെ പ്രതികളുടെ വിദേശത്തുള്ളതടക്കം സമ്പാദ്യങ്ങള്‍ സര്‍ക്കാരിന് കണ്ടുകെട്ടാം. അതേസമയം, മല്യയെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാരുമായി അവസാന വട്ട ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നടക്കം മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍, ഏകദേശം 9,990 കോടി രൂപ പലിശയടക്കം തിരിച്ചടക്കാനുണ്ട്. മുംബൈ പ്രത്യേക കോടതി പരിഗണിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ ഓഗസ്റ്റ് 27നകം മല്യ ഹാജരായില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ക്ക് അനുമതി നല്‍കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റ്റേറ്റ് കഴിഞ്ഞ മാസം അപേക്ഷ നല്‍കിയിരുന്നു. ഏകദേശം 12500 കോടിയോളം രൂപയുടെ സ്വത്തുവകകള്‍ മല്യയുടെ കൈവശമുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിഗമനം.