കൊല്ലം: കേരള കോണ്‍ഗ്രസ്(ബി)യെ ഇടതുമുന്നണിയില്‍ എടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിപിഐ. മന്നണി വിപുലീകരണത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ്(ബി)യെ സഖ്യകക്ഷിയാക്കുന്നതില്‍ പാര്‍ട്ടിക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു വ്യക്തമാക്കി. പുനലൂരില്‍ കേരള കോണ്‍ഗ്രസ് (ബി) നേതൃത്വ പരിശീലന ക്യാമ്പില്‍ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേരള കോണ്‍ഗ്രസ് (ബി) ചെയര്‍പേഴ്സണ്‍ ആര്‍.ബാലകൃഷണപിള്ളയും കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയും സന്നിഹിതരായിരുന്ന വേദിയിലാണ് പ്രകാശ് ബാബു നിലപാട് വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസ് (ബി)യെ മുന്നണിയിലെടുക്കുന്നതു സംബന്ധിച്ച് സിപിഐ ഇടഞ്ഞുനില്‍ക്കുകയായിരുന്നു. ഗണേഷ് കുമാറിന് പിന്തുണ നല്‍കുന്നതും, ബാലകൃഷണപിള്ളയ്ക്ക് മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ പദവി നല്‍കുന്നതിനും സിപിഐ എതിരായിരുന്നു.
അതേസമയം കേരള കോണ്‍ഗ്രസ് (ബി) ഒറ്റയ്ക്ക് എല്‍ഡിഎഫില്‍ പ്രവേശിക്കുമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. സ്‌കറിയ തോമസിന്റെ കേരള കോണ്‍ഗ്രസുമായി ലയിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇരു കേരള കോണ്‍ഗ്രസുകളും ലയിച്ച് ഒറ്റപാര്‍ട്ടിയായി എല്‍ഡിഎഫില്‍ പ്രവേശിക്കാന്‍ സിപിഎമ്മിന്റെ നിര്‍ദേശപ്രകാരം ചര്‍ച്ചകള്‍ നടന്നിരുന്നു. പുതിയ പാര്‍ട്ടിയുടെ ചെയര്‍ പേഴ്സണ്‍ സ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍പ്പെട്ട് ഈ നീക്കം പാളുകയായിരുന്നു.
Leave a Comment