ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ധന. 2,394.64ആയി ജലനിരപ്പുയര്‍ന്നു.2,395അടിയായാല്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. അതേസമയം മൂന്നുദിവസത്തേക്ക് ഇടുക്കി,കോട്ടയം, എറണാകുളം, തൃശൂര്‍,മലപ്പുറം ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ജനങ്ങള്‍ ജാഗ്തര പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
2403 അടിയാണ് സംഭരണിയുടെ പരമാവധിശേഷിയെങ്കിലും മുല്ലപ്പെരിയാര്‍കൂടി നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ഷട്ടറുകള്‍ നേരത്തേ തുറക്കാനാണ് തീരുമാനം. അണക്കെട്ട് തുറക്കുന്നതിനുമുന്നോടിയായി ദേശീയ ദുരന്തനിവാരണസേന ഇന്നലെ രാത്രി ഇടുക്കിയിലെത്തി. അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി നാളെ ട്രയല്‍ നടത്തും. പരീക്ഷണത്തിന്റെ ഭാഗമായി 40 സെന്റീമീറ്ററാണ് ഉയര്‍ത്തുക. തുടര്‍ന്ന് മഴയുടെയും വെള്ളത്തിന്റെയും ഗതി അനുസരിച്ച് ഘട്ടം ഘട്ടമായി ഡാം തുറക്കാനാണ് തീരുമാനം.മുന്നൊരുക്കമായി 12 സമീപ പഞ്ചായത്തുകളിലെ 12 സ്‌കൂളുകളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ സജ്ജമാക്കി.
2397 അടി വെള്ളമായാല്‍ റെഡ് അലര്‍ട്ട് നല്‍കും. ഇതോടെ പ്രദേശവാസികളോട് ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുശേഷം ചെറുതോണിയിലെ അഞ്ച് ഷട്ടറുകളില്‍ മധ്യത്തിലുള്ള ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തും. 34 അടി വീതിയും 40 അടി ഉയരവുമാണ് ഈ ഷട്ടറിനുള്ളത്. സെക്കന്‍ഡില്‍ 1750 ഘനയടി വെള്ളം ഇതിലൂടെ പുറത്തേക്കൊഴുകും.
ചെറുതോണി ടൗണ്‍ മുതല്‍ ആലുവവരെ പെരിയാറില്‍ 90 കിലോമീറ്ററിലാണ് വെള്ളമൊഴുകുക. ഷട്ടര്‍ തുറന്ന് ഒരു മണിക്കൂറിനകം 24 കിലോമീറ്റര്‍ അകലെ ലോവര്‍പെരിയാര്‍ അണക്കെട്ടില്‍ വെള്ളമെത്തും. കല്ലാര്‍കുട്ടി നിറഞ്ഞതിനാല്‍ തുറന്നുവിട്ടിരിക്കുന്ന വെള്ളവും നേര്യമംഗലം പവര്‍ഹൗസില്‍നിന്നുള്ള വെള്ളവും പെരിയാറിലെ വെള്ളവും ലോവര്‍ പെരിയാറിലാണ് ചേരുന്നത്. ഇടുക്കിയില്‍നിന്നുള്ള വെള്ളംകൂടി എത്തുന്നതോടെ ലോവര്‍പെരിയാറിന്റെ ഏഴ് ഷട്ടറുകള്‍ ഒന്നിച്ചുയര്‍ത്തേണ്ടിവരും. നിലവില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ലോവര്‍പെരിയാറില്‍നിന്ന് ഭൂതത്താന്‍കെട്ട്, മലയാറ്റൂര്‍, കാലടി, നെടുമ്പാശ്ശേരി. ആലുവ എന്നിവിടങ്ങളിലൂടെ ഒഴുകി വരാപ്പുഴ കായലില്‍ ചേരും.
Leave a Comment