പ്രശസ്തരുടെ കള്ള ഒപ്പിട്ട് മോഹന്‍ലാലിനെതിരെ നിവേദനം നല്‍കിയത് മലയാള സിനിമയ്ക്ക് അപമാനമെന്ന് പ്രിയദര്‍ശന്‍

തിരുവനന്തപുരം: പ്രശസ്തരുടെ കള്ള ഒപ്പിട്ട് മോഹന്‍ലാലിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത് മലയാള സിനിമയ്ക്കുണ്ടായ അപമാനമാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ‘പ്രകാശ് രാജ്, സന്തോഷ് തുണ്ടിയില്‍ തുടങ്ങി അറിയപ്പെടുന്നവരുടെ കള്ള ഒപ്പിട്ടു മോഹന്‍ലാലിനെ ഒഴിവാക്കണമെന്നു മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതു മലയാള സിനിമക്കുണ്ടായ അപമാനമാണ്.’-എന്നായിരുന്നു പ്രിയദര്‍ശന്റെ പ്രതികരണം.

‘ഞാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരിക്കുമ്പോള്‍ ശബാന ആസ്മി, അടൂര്‍ ഗോപാലകൃഷ്ണന്‍, മധു എന്നിവരെല്ലാം അതിഥികളായി എത്തിയിട്ടുണ്ട്. അതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. അന്നൊന്നുമില്ലാത്ത പരാതിയാണ് ഇപ്പോള്‍ ഉയരുന്നത്. ഇത്തരം വലിയ ആളുകളുടെ സാന്നിധ്യം ചടങ്ങിന്റെ അന്തസ്സുയര്‍ത്തുകയാണു ചെയ്യുക.’- പ്രിയദര്‍ശന്‍ പറയുന്നു.

ഇപ്പോഴത്തെ ചെയര്‍മാന്‍ കമലിനും മന്ത്രി എ.കെ. ബാലനും നല്ല ബോധവും വിവരവും ഉണ്ട്. ആരെ വിളിക്കണമെന്നു അവര്‍ തീരുമാനിക്കട്ടെ. അതിനു മുന്‍പു മോഹന്‍ലാലിനെ വിളിക്കരുത് എന്നു പറയുന്നതിനു പുറകിലെ ലക്ഷ്യം മറ്റു പലതുമാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ചിലരുടെ രാഷ്ട്രീയ താത്പര്യമാണ് മോഹന്‍ലാലിനെതിരായ ഭീമഹരജിക്ക് കാരണമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും പ്രതികരിച്ചു. മോഹന്‍ലാലിനെ പുരസ്‌കാര വിതരണ ചടങ്ങിലേക്ക് വിളിക്കാന്‍ തീരുമാനിച്ചാല്‍ ഒപ്പം നില്‍ക്കുമെന്നും വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരുമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ പുരസ്‌കാര ചടങ്ങിലേക്ക് നടന്‍ മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.കെ ബാലനും രംഗത്തെത്തി. മോഹന്‍ലാലിനെ പരിപാടിയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും വിവാദം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടന്‍ മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. ‘ എന്നെ ക്ഷണിച്ചാല്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണു ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുന്‍പും ഞാന്‍ പോയിട്ടുണ്ട്.’നിലവില്‍ ക്ഷണിക്കാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണ് പറയുകയെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു.

സിനിമാ സാംസ്‌ക്കാരിക രംഗത്തുള്ള 105 ഓളം പേരാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങില്‍ മുഖ്യാതിഥിയെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമ ഹരജി നല്‍കിയത്. സാംസ്‌കാരിക മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്ന ലളിതവും അന്തസ്സുറ്റതുമായ ഒരു ചടങ്ങായിരിക്കണം കേരള സംസ്ഥാന അവാര്‍ഡ് വിതരണ വേദിയെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7