മൂന്നാര്‍: ഒരു വര്‍ഷത്തെ പ്രേമത്തിനൊടുവില്‍ ഒളിച്ചോടി വിവാഹിതരായി രണ്ടാം ദിനത്തില്‍ ഭര്‍ത്താവിനെ ഭാര്യ ഒടിച്ചിട്ട് തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്നു. കോയമ്പത്തൂരിലെ സായിബാബ കോളനിയിലാണ് സംഭവം. പ്രണയിച്ച് വിവാഹിതരായതാണ് ഇവര്‍. ഭര്‍ത്താവിന്റെ കൈയില്‍ മറ്റൊരു പെണ്‍കുട്ടിയുടെ പേര് പച്ചകുത്തിയിരിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.
സായിബാബ ക്ഷേത്രത്തിന് സമീപം കഴിഞ്ഞദിവസം രാവിലെ പതിനൊന്നോടെ ഒരു യുവാവിനെ പെണ്‍കുട്ടി ഓടിച്ചിട്ടു തല്ലുന്നതാണ് നാട്ടുകാര്‍ കണ്ടത്. വേദനകൊണ്ടു പുളഞ്ഞ യുവാവ് ഉറക്കെ കരഞ്ഞെങ്കിലും പെണ്‍കുട്ടി മര്‍ദനം തുടര്‍ന്നു. യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു ആള്‍ക്കൂട്ടം.
ഇതിനിടെ ആരോ വിവരമറിയിച്ചതിനേത്തുടര്‍ന്നു പൊലീസ് എത്തി. യുവാവ് വേദനകൊണ്ടു പുളയുമ്പോഴും മര്‍ദനത്തിന്റെ കാരണമറിഞ്ഞ പൊലീസിനും നാട്ടുകാര്‍ക്കും ചിരിയടക്കാനായില്ല. ഇരുവരും പൊള്ളാച്ചിക്കടുത്ത് കിണത്തുകടവ് സ്വദേശികളാണ്. ഒരുവര്‍ഷം നീണ്ട പ്രേമത്തിനൊടുവില്‍ വീട്ടുകാര്‍ അറിയാതെ വിവാഹം കഴിച്ചാണ് ഇവിടെയെത്തിയത്.
ആദ്യരാത്രിതന്നെ ഭര്‍ത്താവിന്റെ കൈയില്‍ മറ്റൊരു പെണ്‍കുട്ടിയുടെ പേര് പച്ചകുത്തിയിരിക്കുന്നതു നവവധുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. കാര്യം ചോദിച്ചപ്പോള്‍ യുവാവ് ഒഴിഞ്ഞുമാറി. അങ്ങനെയെങ്കില്‍, മറ്റാരുമായും ബന്ധമില്ലെന്നു ക്ഷേത്രനടയില്‍ സത്യം ചെയ്യണമെന്നായി ഭാര്യ. പിറ്റേന്നുതന്നെ ഭര്‍ത്താവിനെ ‘കൈയോടെ’ ക്ഷേത്രത്തിലെത്തിച്ചു. എന്നാല്‍, സത്യം ചെയ്യുന്നതിനെ ചൊല്ലിയ്യാന്‍ യുവാവ് മടിച്ചത് മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു.