മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് കാറിനെ മറികടന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് പിന്നീട് സംഭവിച്ചത്

തൃശൂര്‍: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു കാറിനെ മറികടന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് ആര്‍.ടി.ഒ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട്-നെടുമ്പാശേരി റൂട്ടിലോടുന്ന എസി ലോ ഫ്ലോര്‍ ബസിന്റെ ഡ്രൈവര്‍ കൊടുവള്ളി സ്വദേശി അജയകുമാറി (44)ന്റെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. കൂനംമൂച്ചിയിലായിരുന്നു സംഭവം. മുറിയാതെ വെള്ളവരയുള്ള ഭാഗങ്ങളില്‍ വാഹനം മറികടക്കാന്‍ പാടില്ലെന്നു മോട്ടോര്‍ വാഹന വകുപ്പ് നിയമമുണ്ടെങ്കിലും ഇതു പാലിക്കാതെയാണ് ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമായി കാറിനെ മറികടന്നത്.

കാര്‍ യാത്രക്കാരനാണ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി മോട്ടോര്‍ വാഹന വകുപ്പിന്റെ വാട്സാപ്പ് നമ്പറിലേക്ക് അയച്ചു കൊടുത്തത്. ഇതേ തുടര്‍ന്നാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്. എംവിഐ കെ.എസ്. സമീഷ് ഡ്രൈവറെ വിളിച്ചു വരുത്തി അന്വേഷിച്ചപ്പോള്‍ കുറ്റംസമ്മതിച്ചു. ഇതോടെയാണ് ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം ജോയിന്റ് ആര്‍ടിഒ എസ്.ആര്‍. ഷാജി ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ മാര്‍ച്ചില്‍ ഒരു സ്വകാര്യ ബസ് ഡ്രൈവര്‍ക്കും സമാന അനുഭവമുണ്ടായി. മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ട് ബസ് ഓടിച്ച ഡ്രൈവറെ യുവതി കുടുക്കി. കണ്ണൂരിലെ ചിറക്കുനിപെരളശ്ശേരി റൂട്ടില്‍ ഓടുന്ന ശ്രീഹരി ബസ്സിന്റെ ഡ്രൈവറാണ് മൊബൈലില്‍ സംസാരിച്ച് കൊണ്ട് വാഹനം ഓടിച്ചതിനെ തുടര്‍ന്ന് കടുത്ത ശിക്ഷാ നടപടിക്ക് വിധേയമായത്. സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവറായ നിഖിലിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു.

യുവാവ് ഇത്തരത്തില്‍ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് മുന്‍ സീറ്റിലിരുന്ന ഒരു യുവതി രഹസ്യമായി തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ഒരു കൈ കൊണ്ട് മാത്രം വളയം പിടിച്ച് അമിത വേഗതയിലാണ് യുവാവ് ബസ് ഓടിച്ചത്. ഒരുപാട് തവണ മറ്റു യാത്രക്കാര്‍ ഡ്രൈവറോട് ഇത്തരത്തില്‍ ബസ് ഓടിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഇതൊന്നും ചെവി കൊണ്ടില്ല. കണ്ടക്ടറോട് പരാതിപ്പെട്ടപ്പോഴും വിഷയത്തെ ചിരിച്ച് തള്ളുകയാണുണ്ടായത്.

pathram desk 1:
Related Post
Leave a Comment