അഭിമന്യു വധം: ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിയ്ക്ക് പങ്കുണ്ടെന്ന് പോലീസ്

കൊച്ചി: അഭിമന്യു കൊലപാതകത്തിലെ ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ മുഖ്യപ്രതിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു. കൈവെട്ടു കേസിലെ 13ാം പ്രതി മനാഫിനാണ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞത്. ഇയാള്‍ ഗൂഢാലോചനയില്‍ പ്രധാനിയാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. കൂടാതെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീറാണെന്നും പൊലീസ് പറഞ്ഞു.

ഇരുവരും ഒളിവിലാണ്. അതേസമയം, അന്വേഷണത്തെ എസ്.ഡി.പി.ഐ തടസ്സപ്പെടുത്തുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു (20) ഈ മാസം രണ്ടാംതിയ്യതി പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്.

കോളേജിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനേയും സംഘം ആക്രമിച്ചിരുന്നു. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20 ഓളം വരുന്ന പോപ്പുലര്‍ ഫ്രണ്ട് സംഘം കോളേജിലേക്ക് അതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.

അതേസമയം, ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനി ഒരു ജീവന്‍ പോകരുതെന്ന് ഹൈക്കോടതി പറഞ്ഞു. കോളെജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണം. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

സര്‍ക്കാര്‍ കോളെജില്‍ കൊല നടന്നത് ദുഃഖകരമായ കാര്യമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിദ്യാര്‍ഥി സംഘടനകള്‍ രാഷ്ട്രീയക്കാരുടെ ചട്ടുകമാകാന്‍ പാടില്ല.2001ലെ വിധിക്ക് ശേഷം സര്‍ക്കാരുകള്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്നും കോടതി ആരാഞ്ഞു. മറുപടി നല്‍കാന്‍ സര്‍ക്കാര്‍ മൂന്നാഴ്ച സമയം തേടി.

കലാലയങ്ങളിലും വിദ്യാലയങ്ങളിലും രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും വിദ്യാഭ്യാസ വകുപ്പിനും ഡി.ജി.പിക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി എല്‍. എസ് അജോയി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.

മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരിന്നു ഹര്‍ജി. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപെട്ട സംഭവമാണെന്നും ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനാവില്ലന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

അതേസമയം, കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് വിട്ടയച്ചു. സംസ്ഥാന നേതാക്കളടക്കം ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇവരുടെ അറസ്റ്റിനെ തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചത്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങുമെന്ന് എസ്ഡിപിഐ ജനറല്‍ സെക്രട്ടറി പറഞ്ഞു. എസ്ഡിപിഐക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും അടിയന്തിരാവസ്ഥ കാലത്തെ രീതിയിലുള്ള അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അബ്ദുള്‍ ഹമീദ് പറഞ്ഞു.

കൊച്ചിയില്‍ പത്രസമ്മേളനത്തിന് ശേഷം പുറത്തിറങ്ങിയ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഭിമന്യു വധത്തില്‍ വിശദീകരണം നല്‍കുന്നതിനാണ് എസ്.ഡി.പി.ഐ നേതാക്കള്‍ പത്രസമ്മേളനം വിളിച്ചത്. സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വി.കെ ഷൗക്കത്തലി എന്നിവരും ഇവര്‍ വന്ന മൂന്നു വാഹനങ്ങളുടെ ഡ്രൈവര്‍മാരുമാണ് അറസ്റ്റിലായത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

അതേസമയം, അഭിമന്യു കൊലക്കേസിലെ പ്രതികള്‍ കേരളത്തിനകത്ത് തന്നെയുണ്ടെന്ന ഉറച്ചവിശ്വാസത്തിലാണ് അന്വേഷണസംഘം. പോപ്പുലര്‍ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇവര്‍ ഒളിവില്‍ കഴിയുന്നതായാണ് പൊലീസിന്റെ നിഗമനം. കേസിന്റെ വിവരങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളാണെന്ന് പൊലീസിന് വിവരം ലഭിച്ചു.

പ്രതികള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നും പോപ്പുലര്‍ഫ്രണ്ട്- എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇവര്‍ ഒളിവില്‍ കഴിയുന്നതായുമാണ് പൊലീസിന്റെ നിഗമനം. അതിനാലാണ് സംസ്ഥാനത്തെ എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകള്‍കയറി രാത്രിയടക്കം പൊലീസ് റെയ്ഡ് തുടരുന്നത്. പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് തുടങ്ങിയതിനെത്തുടര്‍ന്ന് പ്രതികളെ മറ്റേതെങ്കിലും രഹസ്യകേന്ദ്രത്തിലേക്ക് കടത്തിയോ എന്നും സംശയിക്കുന്നുണ്ട്. പ്രതികള്‍ തീവണ്ടിമാര്‍ഗം സംസ്ഥാനം കടക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

അതേസമയം, പ്രതികള്‍ക്ക് കേസുമായി ബന്ധപ്പെട്ട വിവരം ചോര്‍ത്തിക്കൊടുക്കുന്നതില്‍ ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പങ്കിനെപ്പറ്റിയും വിവരം ലഭിച്ചിട്ടുണ്ട്. ഫോണിലൂടെ കുറ്റവാളിസംഘത്തിന് വിവരങ്ങള്‍ നല്‍കുന്നതായാണ് സംശയിക്കുന്നത്. കുറ്റവാളിസംഘം ഉപയോഗിക്കുന്ന സിം കാര്‍ഡും സ്ത്രീകളുടെ പേരിലായിരിക്കും. എസ്ഡിപിഐ ബന്ധമുള്ള പുരുഷന്‍മാരെ നിരീക്ഷിക്കുന്നതിനാലാണ് ഇത്തരത്തില്‍ സ്ത്രീകളെ ഉപയോഗിക്കുന്നത്. മുന്‍കൂട്ടി പ്ലാന്‍ചെയ്ത കൊലപാതകമായതിനാല്‍ ഇത്തരം സിം കാര്‍ഡുകള്‍ അക്രമിസംഘം നേരത്തേ കൈവശംവെച്ചതായും സംശയിക്കുന്നുണ്ട്.

ഇതിനോടൊപ്പമാണ് പൊലീസ് സേനയിലുള്ളവര്‍ തിരച്ചില്‍ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതായുള്ള വിവരം പുറത്തുവന്നത്. ഇവര്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. 15 പ്രതികളില്‍ 9് പേരെയാണ് പൊലീസ് ഇതുവരെ പിടികൂടിയത്.കേരളത്തിന് പുറത്തുനിന്ന് പ്രത്യേക പരിശീലനം ലഭിച്ചവരാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കെടുത്തതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7