കോട്ടയം:ഓര്‍ത്തഡോക്സ് സഭ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ചതിന് പിന്നില്‍ ആത്മീയ ലൈംഗിക ചൂഷണമെന്ന് ദേശീയ വനിത കമ്മീഷന്‍. ആധ്യാത്മിക കേന്ദ്രങ്ങള്‍ ചൂഷണ കേന്ദ്രങ്ങളായി മാറുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് സഭാ നേതൃത്വത്തോട് വിശദീകരണം തേടുമെന്നും ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു. പീഡനത്തിനിരയായ വീട്ടമ്മയില്‍ നിന്നും അവരുടെ ഭര്‍ത്താവില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു.
ആധ്യാത്മിക കേന്ദ്രങ്ങള്‍ ചൂഷണ കേന്ദ്രങ്ങളാവുകയും വൈദികര്‍ പദവികള്‍ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. നടന്നത് ആത്മീയ ലൈംഗിക ചൂഷണമാണ്. കേസില്‍ ആവശ്യമെങ്കില്‍ ദേശീയ വനിത കമ്മീഷന്‍ കക്ഷി ചേരും. തിങ്കളാഴ്ച വൈദികരുടെ മുന്‍കൂര്‍ ജാമ്യ ഹരജി കോടതി പരിഗണിക്കാനിരിക്കെ ഹരജിയെ കോടതിയില്‍ എതിര്‍ക്കുമെന്ന് അന്വേഷണ സംഘം ഉറപ്പ് നല്‍കിയതായി രേഖ ശര്‍മ്മ പറഞ്ഞു. അതേസമയം സ്വമേധയാ കേസ് എടുക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചന്നും അവര്‍ പറഞ്ഞു.
നേരത്തെ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ പീഡനത്തിന് ഇരയായ വീട്ടമ്മയുടെയും ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തി. ബലാത്സംഗമാണ് നടന്നതെന്ന മൊഴി വീട്ടമ്മ വനിത കമ്മീഷന് മുമ്പിലും ആവര്‍ത്തിച്ചു. തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. കറുകച്ചാലിലെ വൈദിക ആശ്രമം, ബലാത്സംഗം നടന്നതായി യുവതി മൊഴിയില്‍ പറയുന്ന ബോര്‍ഡിങ് എന്നിവിടങ്ങളില്‍ ഇനി തെളിവെടുപ്പ് നടക്കും.
ഓര്‍ത്തഡോക്‌സ് സഭാ നേത്യത്വത്തിന് യുവതിയുടേതായി നല്‍കിയിരിക്കുന്ന സത്യപ്രസ്താവനയില്‍ സാക്ഷി ഒപ്പിട്ടവരില്‍ നിന്നും മൊഴിയെടുക്കും. നിലവില്‍ ഒളിവില്‍ കഴിയുന്ന 4 പ്രതികളുടെയും മുന്‍കൂര്‍ ജാമ്യ ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
ഡല്‍ഹി ഭദ്രാസനത്തിലെ വൈദികന്‍ ജയ്‌സ് കെ ജോര്‍ജിനൊപ്പം യുവതി താമസിച്ച കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. ഒരുമിച്ച് താമസിച്ചത് വെളിപ്പെടുത്തുമെന്ന് വൈദികന്‍ ഭീഷണിപ്പെടുത്തിയതിനാലാണ് ഹോട്ടല്‍ ബില്‍ താന്‍ അടച്ചതെന്ന് യുവതി മൊഴി നല്‍കി.