കൊച്ചി : എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തുകയാണ്. മലപ്പുറം മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലുമാണ് പരിശോധന നടത്തുന്നത്. പ്രതികള്‍ ഒളിച്ചിരിക്കാനുള്ള ഒളിവിടങ്ങളെല്ലാം പൊലീസ് അന്വേഷിക്കുകയാണ്. മുഖ്യപ്രതികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു, മൈസൂര്‍, കുടക് എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിച്ചു. തമിഴ്നാട്ടിലെ പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ കേന്ദ്രങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ രാജ്യം വിട്ടുപോകാതിരിക്കാനായി വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
അതിനിടെ, കേസിലെ പ്രതികളെന്ന് സംശയിക്കുന്ന 12 പേരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പൊലീസ് ആലോചിക്കുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണസംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഈ അക്കൗണ്ടുകളില്‍ സമീപകാലത്ത് നടന്ന ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മരിച്ച അഭിമന്യുവിന്റെ ഫോണിലേക്ക് വന്ന കോളുകളും പൊലീസ് പരിശോധിക്കുകയാണ്. അഭിമന്യുവിനെ വിളിച്ചുവരുത്തുകയായിരുന്നു എന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍, അഭിമന്യുവിന് വന്ന കോളുകളില്‍ പ്രതി മുഹമ്മദിന്റെ കോളും ഉണ്ടായിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.
അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐക്കാരെ കൂടി ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി കാല വാല നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇരുവരും. അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോള്‍ നവാസ് സ്ഥലത്തുണ്ടായിരുന്നുവെന്നാണ് സൂചന. അതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.