ഇതാണ് രണ്‍ജി പണിക്കര്‍ ‘സെന്‍സ്, സെന്‍സിറ്റിവിറ്റി, സെന്‍സിബിലിറ്റി’: റിമാ കല്ലിങ്കല്‍

കൊച്ചി:തന്റെ സിനിമകള്‍ക്ക് വേണ്ടി താന്‍ എഴുതിയിട്ടുള്ള സംഭാഷണങ്ങളിലെ ലിംഗ-നിറ-ജാതി-പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ ഖേദിക്കുന്നു എന്ന രണ്‍ജി പണിക്കരുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു റിമാ കല്ലിങ്കല്‍.

”സ്ത്രീകളെ ഇകഴ്ത്തണം എന്ന് അതെഴുതുമ്പോള്‍ ഉദ്ദേശിച്ചിരുന്നില്ല. കഥാസന്ദര്‍ഭം ആവശ്യപ്പെട്ടത് മാത്രമാണ് എഴുതിയിട്ടുള്ളത്. അന്ന് കൈയ്യടിച്ചവര്‍ക്ക് പോലും ഇപ്പോള്‍ അത് പ്രശ്നമായി തോന്നുന്നുണ്ടാവാം. ഒരു സന്ദര്‍ഭത്തിന് അനുസരിച്ച് എഴുതിയ സംഭാഷണങ്ങള്‍ ഭാവിയില്‍ മറ്റൊരു തരത്തില്‍ വായിക്കപ്പെടും എന്ന് അന്നറിഞ്ഞിരുന്നെങ്കില്‍ അത് എഴുതുകയില്ലായിരുന്നു”, എന്നാണ് രണ്‍ജി പണിക്കര്‍ പറഞ്ഞത്. സ്ത്രീവിരുദ്ധത ആരോപിക്കപ്പെടുന്ന ഡയലോഗുകള്‍ എഴുതാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും ഇപ്പോള്‍ താന്‍ അതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നും വിവരിക്കുകയായിരുന്നു അദ്ദേഹം.

”പുതിയ പരിപ്രേക്ഷ്യങ്ങള്‍ കൊണ്ട് വരാനുള്ള ശ്രമത്തിന്റെ ഭാഗമായി അതുവരെ കേട്ടു പഠിച്ച കാര്യങ്ങളെ ‘unlearn’ ചെയ്യുക എന്നത് വലിയ ധൈര്യം വേണ്ട കാര്യം തന്നെയാണ്. രണ്‍ജി പണിക്കര്‍ക്ക് അഭിവാദ്യങ്ങളും അഭിനന്ദങ്ങളും.

അദ്ദേഹം പറഞ്ഞത് പോലെ എല്ലാ കലാസൃഷ്ടികളും കാലാകാലങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാകും. നമ്മള്‍ ജീവിക്കുന്ന കാലത്തെയാണ് എല്ലാ കലകളും രേഖപ്പെടുത്തുന്നത്. കാലാതിവര്‍ത്തിയായ, തലമുറകള്‍ ആദരിക്കുന്ന കലാസൃഷ്ടികളുണ്ടാക്കാം നമുക്ക്”, എന്ന് കുറിച്ച റിമ ‘സെന്‍സ്, സെന്‍സിറ്റിവിറ്റി, സെന്‍സിബിലിറ്റി’ എന്ന രണ്‍ജി പണിക്കര്‍ പ്രയോഗത്തെ ഹാഷ് ടാഗുകളായി കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധനടപടികള്‍ക്കെതിരെ പോരാടുക, സിനിമയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷയും തുല്യതയും ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കഴിഞ്ഞ കൊല്ലം ആരംഭിച്ച ‘വിമന്‍ ഇന്‍ സിനിമാ കളക്ടീവ്’ സ്ഥാപക അംഗമാണ് നടിയും നിര്‍മ്മാതാവും, നര്‍ത്തകിയുമായ റിമാ കല്ലിങ്കല്‍. കഴിഞ്ഞ ഫെബ്രുവരി നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടു കുറ്റാരോപിതനായ നടന്‍ ദിലീപിനെ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ പുറത്താക്കിയിതായി അറിയിച്ചിരുന്നു. എന്നാല്‍ ‘അമ്മ’യുടെ ഏറ്റവുമടുത്ത് കൂടിയ പൊതു യോഗത്തില്‍ ഈ പുറത്താക്കല്‍ അസാധുവാണ്, അതിനാല്‍ സംഘടനയില്‍ തുടരാന്‍ ദിലീപിനെ അനുവദിക്കണം എന്ന് മറ്റു അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തില്‍ റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍ എന്നിവര്‍ ‘അമ്മ’യില്‍ നിന്നും രാജിവച്ചിരുന്നു. ആക്രമണത്തിനിരയായ നടിയാണ് ആദ്യം രാജി വച്ചത്. അവര്‍ക്ക് പിന്തുണയുമായാണ് ഈ മൂന്ന് പേരും ‘അമ്മ’ വിടാന്‍ തീരുമാനമെടുത്തത്.

Similar Articles

Comments

Advertismentspot_img

Most Popular