കൊച്ചി:താരസംഘടനയായ ‘അമ്മ’യിലേക്ക് ദിലീപിനെ തിരിച്ചെടുത്തത് വലിയ വാര്‍ത്തയായതിന് പിന്നാലെ മറ്റൊരു പേരും ഉയര്‍ന്നു കേട്ടു. മലയാളത്തിന്റെ അഭിനയചക്രവര്‍ത്തി തിലകന്റേത്. അമ്മയില്‍ നിന്ന് തിലകനുണ്ടായ നീതിനിക്ഷേധത്തിനെതിരേ അദ്ദേഹത്തിന്റെ മക്കള്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അച്ഛനെ വിമര്‍ശിച്ചവരെ രൂക്ഷഭാഷയിലാണ് ഷമ്മി തിലകന്‍ വിമര്‍ശിച്ചത്. ഇപ്പോള്‍ തിലകനുമായി പ്രശ്നമുണ്ടായിരുന്ന നായക നടനുമായി ഒന്നിച്ചു അഭിനയിക്കാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഷമ്മി തിലകന്‍.
ജോഷിയുടെ ചിത്രമായതിനാലാണ് അഭിനയിച്ചതെന്നും നായകന്‍ ആരായിരുന്നു എന്നത് തനിക്ക് പ്രശ്നമല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷമ്മി തിലകന്റെ വെളിപ്പെടുത്തല്‍.
ജോഷി സാറിന്റെ ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന സിനിമ മുതലാണ് അച്ഛനെ പുറത്താക്കുന്നത്. അതിനു മുന്‍പ് ധ്രുവം, വാഴുന്നോര്‍ എന്ന സിനിമകളില്‍ ഞാന്‍ ജോഷി സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു. അച്ഛനും ജോഷി സാറുമായി നല്ല ബന്ധത്തിലായിരുന്നില്ല. എന്നിട്ടും ഞാന്‍ അദ്ദേഹത്തിന്റെ സഹായിയായിരുന്നു. അതുകൊണ്ടു തന്നെ ആ നടന്റെ നിര്‍ബന്ധം കൊണ്ടല്ല ഞാന്‍ ഈ പറയുന്ന സിനിമകളില്‍ അഭിനയിച്ചത്. ജോഷി സാര്‍ എന്റെ ഗോഡ് ഫാദറാണ്. അദ്ദേഹം പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും ഷമ്മി തിലകന്‍ പറഞ്ഞു.
മോഹന്‍ലാല്‍ ‘അമ്മ’യുടെ പ്രസിഡന്റ് ആയതിനാല്‍ അച്ഛന് നീതിലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി. മോഹന്‍ലാല്‍ ആയിരിക്കുമ്പോള്‍ നീതി ലഭിക്കും എന്നത് അച്ഛന്റെ വിശ്വാസമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.