അതിമ് ഷാക്കെതിരായ വാര്‍ത്ത പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ദേശീയ മാധ്യമങ്ങള്‍ ‘മുക്കി’

ന്യൂഡല്‍ഹി: നോട്ടുനിരോധന കാലത്ത് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ ബാങ്ക് ഏറ്റവും അധികം നിരോധിത നോട്ടുകള്‍ നിക്ഷേപിച്ചതെന്ന വാര്‍ത്ത മണിക്കൂറുകള്‍ക്കുള്ളില്‍ ദേശിയമാധ്യമങ്ങള്‍ പിന്‍വലിച്ചു. റിലയന്‍സിന്റെ മാധ്യമ സംരംഭമായ ന്യൂസ് 18 ഉം, ദ ന്യൂസ് ഇന്ത്യന്‍ എക്സ് പ്രസുമാണ് വാര്‍ത്തകള്‍ മുക്കിയത്. എന്നാല്‍ ചില മാധ്യമങ്ങള്‍ ഈ വാര്‍ത്തകളില്‍ നിന്ന് അമിത് ഷായുടെ ചിത്രം ഒഴിവാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘നോട്ട് നിരോധനം; ഏറ്റവും കൂടുതല്‍ അസാധു നോട്ടുകള്‍ നിക്ഷേപിച്ചത് അമിത് ഷാ ഡയരക്ടറായ ബാങ്കില്‍; വിവരാവകാശ രേഖ’ എന്ന തലക്കെട്ടിലായിരുന്നു ന്യൂസ് 18 വെബ്സൈറ്റ് വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ വാര്‍ത്ത പിന്‍വലിച്ചു. വാര്‍ത്തയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ക്ഷമിക്കണം, നിങ്ങള്‍ അന്വേഷിക്കുന്ന പേജ് ഇപ്പോള്‍ ലഭ്യമല്ല എന്നാണ് കാണിക്കുന്നത്. എന്നാല്‍ ആദ്യം കൊടുത്ത വാര്‍ത്ത ഗൂഗിള്‍ ന്യൂസില്‍ ഇപ്പോഴും ലഭ്യമാണ്.

വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് അമിത് ഷായെയും ബിജെപിയെയും പ്രതികൂട്ടിലാക്കുന്ന വിവരം പുറത്തു വന്നിരിക്കുന്നത്. നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം 745.59 കോടി രൂപയാണ് അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടത്.

അഹമ്മദാബാദ് ജില്ലാ കോഓപ്പറേറ്റീവ് ബാങ്കിന്റെ വെബ്സൈറ്റ് പറയുന്നതു പ്രകാരം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഡയറക്ടര്‍. ഏറെക്കാലമായി അദ്ദേഹം ഈ സ്ഥാനത്തിരിക്കുന്നു. രണ്ടായിരാമാണ്ടില്‍ ബാങ്കിന്റെ ചെയര്‍മാനുമായിരുന്നു ഷാ. 2017 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ബാങ്കിന്റെ മൊത്തം നിക്ഷേപം 5,500 കോടി രൂപയാണ്.

അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ നിക്ഷേപം കുമിഞ്ഞ് കൂടിയതിന് ശേഷമാണ് കേരളത്തിലെ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. സഹകരണ ബാങ്കുകളില്‍ പഴയ നോട്ടുകള്‍ നിക്ഷേപിച്ച് മാറ്റി എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് സംഭവിക്കുന്നത് നവംബര്‍ 14നാണ്. ഇതിന് മുന്‍പാണ് അഹമ്മദാബാദിലെ ബാങ്ക് എല്ലാ നോട്ടുകളും മാറ്റി എടുത്തത്. സഹകരണ ബാങ്കുകള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് കേരളത്തില്‍ വലിയ പ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചത്.

സഹകരണ ബാങ്കുകളിലൂടെ കള്ളപ്പണം വെളുപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന ന്യായീകരണം ഉയര്‍ത്തിയായിരുന്നു സാധാരണക്കാരുടെ വയറ്റത്ത് മോദിയും അരുണ്‍ ജെയ്റ്റ്‌ലിയും കൂടി അടിച്ചത്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ മൊത്തം കള്ളപ്പണമാണെന്ന വന്‍ പ്രചാരണവും സംസ്ഥാന ബി ജെ പി നേതാക്കള്‍ മാധ്യമങ്ങളിലൂടെ നടത്തിയിരുന്നു.

നവംബര്‍ 14നാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. എന്നാല്‍ അതിനകം അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് കോടികളുടെ നിരോധിത നോട്ടുകള്‍ മാറിയെടുത്തിരുന്നു.

മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ എസ്. റോയിയുടെ ചോദ്യത്തിന് മറുപടിയായി നബാര്‍ഡിന്റെ ചീഫ് ജനറല്‍ മാനേജര്‍ എസ്. ശരവണവേല്‍ ആണ് സഹകരണ ബാങ്കിലെ അസാധുനോട്ട് നിക്ഷേപത്തിന്റെ കണക്കുകള്‍ നല്‍കിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7