അവള്‍ക്ക് പ്രണയമുണ്ടോ എന്ന് തനിക്കറിയില്ല. ‘താന്‍ ജസ്‌നയുടെ കാമുകനല്ല. അവള്‍ മുമ്പും മരിക്കാന്‍ പോവുകയാണ് എന്ന് മെസ്സേജ് അയക്കാറുണ്ടായിരുന്നു. ഇത് ജെസ്‌നയുടെ സഹോദരനോട് പറഞ്ഞതാണ്: കൂടുതല്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്

കൊച്ചി: കാണാതായ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിനായി മലപ്പുറത്ത് പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെ മറ്റൊരു വെളിപ്പെടുത്തലുമായി സുഹൃത്ത് രംഗത്തെത്തി. തിരോധാനത്തില്‍നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ടുള്ള പ്രതികരണവുമായാണ് ജെസ്‌നയുടെ ആണ്‍ സുഹൃത്ത് ഇക്കാര്യം പറഞ്ഞത്.. ജസ്‌നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും പോലീസ് ശല്യപ്പെടുത്തുകയാണെന്നും നാട്ടുകാര്‍ ഒറ്റപ്പെടുത്തുകയാണെന്നും ജെസ്‌നയുടെ സുഹൃത്ത് ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.

‘താന്‍ ജസ്‌നയുടെ കാമുകനല്ല. അവള്‍ക്ക് പ്രണയമുണ്ടോ എന്ന് തനിക്കറിയില്ല. അവള്‍ മുമ്പും മരിക്കാന്‍ പോവുകയാണ് എന്ന രീതിയില്‍ മെസ്സേജ് അയക്കാറുണ്ടായിരുന്നു. ഇത് ജെസ്‌നയുടെ സഹോദരനോട് പറഞ്ഞതാണ്. ജെസ്‌നയെ കാണാതായതിനു ശേഷവും ഇത്തരത്തില്‍ മെസ്സേജ് അയച്ചു എന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. സുഹൃത്ത് പറഞ്ഞു. ഇക്കാര്യം പോലിസിനോടും പറഞ്ഞതാണെന്നും എന്നാല്‍ തുടരെ തുടരെ പോലീസ് തന്നെ ചോദ്യം ചെയ്യുന്നത് മാനസികമായി തകര്‍ക്കുന്നുവെന്നും സുഹൃത്ത് പറഞ്ഞു.

ജെസ്‌നയ്ക്കു വന്ന മെസേജുകളും ഫോണ്‍കോളുകളും സൈബര്‍ വിദഗ്ധരടക്കമുള്ളവരുടെ സഹായത്തോടെ പോലീസ് കണ്ടെത്തിയിരുന്നു. മെസേജുകള്‍ കേന്ദ്രീകരിച്ചാണ് തുടര്‍ന്നുള്ള അന്വേഷണം. ഇതനുസരിച്ച് സുഹൃത്തിനെ ഇരുപതോളം തവണ ചോദ്യം ചെയ്തിരുന്നു.

അതേസമയം ജെസ്‌നയ്ക്കു വേണ്ടി മലപ്പുറത്ത് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്‌നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മേയ് 3ന് രാവിലെ 11 മുതല്‍ രാത്രി 8 വരെ ജസ്‌നയെന്ന് സംശയിക്കുന്ന കുട്ടിയും സുഹൃത്തും കോട്ടക്കുന്നിലുണ്ടായിരുന്നെന്നാണ് പോലീസിന് ലഭിച്ച വിവരം. ദീര്‍ഘദൂരയാത്രക്ക് ശേഷം എത്തിയതെന്ന് തോന്നിക്കുംവിധമായിരുന്നു പെണ്‍കുട്ടികള്‍ ഇവിടെയെത്തിയത്. മറ്റ് ചിലരുമായി ഇവര്‍ സംസാരിക്കുന്നത് കണ്ടെന്നും അവിടെനിന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് ഇത് ജസ്‌നയായിരുന്നോ എന്ന് പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയതും വിവരം പോലീസിനെ അറിയിച്ചതും. അന്ന് അവിടെ പരിപാടിക്കെത്തിയ ഒരു സാമൂഹ്യപ്രവര്‍ത്തകനും ഈ സംശയം ഉന്നയിച്ചിട്ടുണ്ട്. കുര്‍ത്തയും ജീന്‍സും ഷാളുമായിരുന്നു പെണ്‍കുട്ടികളുടെ വേഷം. വലിയ ബാഗും ഇവരുടെ പക്കലുണ്ടായിരുന്നു.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനാണ് പോലീസ് കോട്ടക്കുന്നിലെത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകും പോലീസ് ആദ്യം ശ്രമിക്കുക. അന്നേ ദിവസത്തെ നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങളും പോലീസ് ശേഖരിച്ചേക്കും. കുട്ടികള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെത്തിയിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. ഇത് കണക്കാക്കിയാകും അന്വേഷണം.

കോട്ടയം മുക്കൂട്ടുതറ സ്വദേശിനിയും രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയുമായ ജസ്‌ന മരിയ ജയിംസിനെ
മാര്‍ച്ച് 22ന് എരുമേലിക്കടുത്ത് കൊല്ലമുളയില്‍നിന്നാണ് കാണാതാകുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും ഇത്രയും കാലം നടത്തിയ അന്വേഷണത്തില്‍ ജെസ്‌നയെക്കുറിച്ച് കൃത്യമായ ഒരു സൂചനയും ലഭിച്ചിട്ടില്ല. മാര്‍ച്ച് 29 ന് മുണ്ടക്കയത്തിനു സമീപം കന്നിമല വഴി ബസില്‍ ജെസ്‌ന യാത്രചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. മേയ് 8ന് ജെസ്‌നയെ ബെംഗളൂരുവില്‍ ഒരു ചെറുപ്പക്കാരനൊപ്പം കണ്ടെത്തിയെന്നു വിവരം ലഭിച്ചിരുന്നു. അന്വേഷണ സംഘം ദിവസങ്ങളോളം ബംഗളൂരുവില്‍ അന്വേഷിച്ചെങ്കിലും ഫലമില്ല. പിന്നീട് പലതരത്തിലും അന്വേഷണം നടത്തിയെങ്കിലും ഒരുതുമ്പം ലഭിച്ചില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7