വീടിനടുത്തുള്ള പെട്ടിയില്‍നിന്ന് ജെസ്‌നയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പൊലീസ്

പത്തനംതിട്ട: കാണാതായ ജെസ്‌നയെക്കുറിച്ചു വിവരങ്ങള്‍ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമങ്ങള്‍ വിജയിച്ചതായി സൂചന. ജെസ്‌നയുടെ വിവരങ്ങള്‍ തേടി പൊലീസ് പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണ പെട്ടിയില്‍ നിന്ന് പൊലീസിന് നിര്‍ണായകമായ ചില വിവരങ്ങള്‍ കിട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പല സ്ഥലങ്ങളിലായി 12 പെട്ടികളാണു പൊലീസ് സ്ഥാപിച്ചത്. ഇവയില്‍ നിന്ന് അന്‍പതോളം കത്തുകള്‍ ലഭിച്ചു. ഇതില്‍ ജെസ്‌നയുടെ വീടിന്റെ സമീപ കവലകളിലും വെച്ചുച്ചിറ ഭാഗത്തും വച്ച പെട്ടികളിലാണു കൂടുതല്‍ പേര്‍ വിവരങ്ങള്‍ എഴുതിയിട്ടത്. ഇതില്‍ പലതിലും സംശയങ്ങളും സംശയത്തിന്റെ കഥകളും ജെസ്‌നയെ അടുത്ത പരിചയമുണ്ടെന്നു തോന്നുന്നവര്‍ എഴുതിയ ചില സംഭവങ്ങളും ലഭിച്ചെന്ന് പൊലീസ് പറയുന്നു.

ജെസ്‌നയുമായി പരിചയമുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത് അപവാദങ്ങള്‍ക്കും പരാതികള്‍ക്കും ഇടയാക്കുന്നത് ഒഴിവാക്കാനാണ് ഈ പരീക്ഷണത്തിന് പൊലീസ് മുതിരുന്നത്. എഴുതി നിക്ഷേപിക്കുന്ന കുറിപ്പുകള്‍ക്ക് രഹസ്യസ്വഭാവമുള്ളതിനാല്‍ വിവരം നല്‍കാന്‍ ആളുകള്‍ പേടിയില്ലാതെ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ. വിവരം നല്‍കുന്ന ആളിന്റെ പേരോ വിലാസമോ കുറിപ്പില്‍ രേഖപ്പെടുത്തേണ്ട. ജെസ്‌നയുടെ സൗഹൃദങ്ങള്‍, പാഠ്യേതര വിഷയങ്ങളിലെ താത്പര്യങ്ങള്‍ തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങള്‍ അറിയാന്‍കഴിഞ്ഞാല്‍ എന്തെങ്കിലും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

ജെസ്‌നയെ കാണാതായ കേസില്‍ ഇതുവരെ 180ഓളം പേരെ ചോദ്യംചെയ്തു. 100 പേരുടെ മൊഴി രേഖപ്പെടുത്തി. ഒരുലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചു.കഴിഞ്ഞദിവസം 100 പൊലീസുകാരുടെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് ഫോട്ടോയുള്‍പ്പെടെ കേരള ഡിജിപി തമിഴ്‌നാട്, കര്‍ണാടക പൊലീസിനു കൈമാറിയിരുന്നു. പല്ലിലെ ക്ലിപ്പ്, ഉയരമുള്‍പ്പെടെ ശരീരപ്രകൃതി എന്നിവയില്‍ സാമ്യമുള്ളതിനാല്‍ ചെങ്കല്‍പേട്ട് ഡിവൈഎസ്പി കേരള പൊലീസിനു വിവരം കൈമാറി. വിരലടയാളമെടുക്കുന്നതിനായി പൊലീസ് വിദഗ്ധരെ കൊണ്ടുവന്നെങ്കിലും വിരലുകള്‍ക്കു സാരമായ പൊള്ളലുള്ളതിനാല്‍ അതു നടന്നില്ല.

കോട്ടയം മുക്കൂട്ടുതറ സ്വദേശിനിയും രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയുമായ ജസ്‌ന മരിയ ജയിംസിനെ
72 ദിവസം മുന്‍പ് മാര്‍ച്ച് 22ന് എരുമേലിക്കടുത്ത് കൊല്ലമുളയില്‍നിന്നാണ് കാണാതാകുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും ഇത്രയും കാലം നടത്തിയ അന്വേഷണത്തില്‍ ജെസ്‌നയെക്കുറിച്ച് കൃത്യമായ ഒരു സൂചനയും ലഭിച്ചിട്ടില്ല. മാര്‍ച്ച് 29 ന് മുണ്ടക്കയത്തിനു സമീപം കന്നിമല വഴി ബസില്‍ ജെസ്‌ന യാത്രചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു.

മേയ് 8ന് ജെസ്‌നയെ ബെംഗളൂരുവില്‍ ഒരു ചെറുപ്പക്കാരനൊപ്പം കണ്ടെത്തിയെന്നു വിവരം. അന്വേഷണ സംഘം ദിവസങ്ങളോളം ബംഗളൂരുവില്‍ അന്വേഷിച്ചെങ്കിലും ഫലമില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7