സോച്ചി: റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ കന്നി പോരാട്ടം ഇന്ന്. ഐസ്ലന്‍ഡാണ് എതിരാളി. മോസ്‌കോയിലെ സ്പാര്‍ട് അരീന സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 6.30നാണ് മത്സരം. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ഇന്ന് ഏവരുടെയും ശ്രദ്ധാകേന്ദ്രം.
പോര്‍ച്ചുഗല്‍-സ്പെയ്ന്‍ സൂപ്പര്‍ പോരാട്ടം സമനിലയിലായി(33). ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ്. 88ാം മിനിറ്റില്‍ ബോക്സിനു തൊട്ടുവെളിയില്‍നിന്നും ട്രേഡ് മാര്‍ക്ക് ശൈലിയിലുള്ള ഫ്രീകിക്ക് ഗോളിലൂടെയാണ് റൊണാള്‍ഡോ റഷ്യന്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് നേടിയത്. 4 (പെനല്‍റ്റി), 44, 88 മിനിറ്റുകളിലായിരുന്നു റൊണോയുടെ ഗോളുകള്‍. സ്പെയിനിനായി ഡീഗോ കോസ്റ്റ ഇരട്ടഗോള്‍ (24, 55) നേടി. നാച്ചോയുടേതാണ് മൂന്നാം ഗോള്‍.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ നേട്ടത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ 21 എന്ന നിലയില്‍ പോര്‍ച്ചുഗല്‍ മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് സ്പെയ്ന്‍ ലീഡെടുത്തു. 24, 55 മിനിറ്റുകളില്‍ ഇരട്ടഗോള്‍ നേടിയ ഡീയോ കോസ്റ്റയും 58 മിനിറ്റില്‍ ഗോള്‍ കുറിച്ച നാച്ചോയുമാണ് സ്പെയ്നിനെ മുന്നിലെത്തിച്ചത്.
നാലാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. 24ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയിലൂടെ സ്പെയ്ന്‍ തിരിച്ചടിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കവെയാണ് റൊണോയുടെ രണ്ടാം ഗോള്‍.
സ്പെയിനിനെതിരെ പെനാല്‍റ്റിയിലൂടെ ഗോള്‍ സ്വന്തമാക്കിയതോടെ നാല് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന നാലാമത്തെ മാത്രം താരമായി മാറിയിരിക്കുകയാണ് റൊണാള്‍ഡോ. 2006 ലോകകപ്പ് മുതല്‍ തുടര്‍ച്ചയായ നാല് ലോകകപ്പിലും റൊണാള്‍ഡോ ഗോള്‍ നേടിയിട്ടുണ്ട്. ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസ്, ഉവേ സീലേര്‍, ബ്രസിലീന്റെ പെലേ എന്നിവരുടെ നേട്ടത്തിനൊപ്പം എത്തിയിരിക്കുകയാണ് താരം.