വോട്ടെടുപ്പില്ലാതെ തന്നെ തെരെഞ്ഞെടുത്തു; എളമരവും ബിനോയ് വിശ്വവും ജോസ്. കെ. മാണിയും രാജ്യസഭാംഗങ്ങള്‍

തിരുവനന്തപുരം: സിപിഎമ്മിലെ എളമരം കരീമിനെയും സിപിഐയിലെ ബിനോയ് വിശ്വത്തെയും കേരള കോണ്‍ഗ്രസിലെ (എം) ജോസ് കെ.മാണിയെയും രാജ്യസഭാംഗങ്ങളായി എതിരില്ലാതെ തിരഞ്ഞെടുത്തു. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. എതിരാളികളില്ലാത്തതിനാല്‍ വോട്ടെടുപ്പ് ഇല്ലാതെ തന്നെ മൂവരെയും തിരഞ്ഞെടുത്തു വരണാധികാരിയായ നിയമസഭാ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ജോസ് കെ.മാണിക്കു ലോക്‌സഭാ എംപി സ്ഥാനം നഷ്ടപ്പെട്ടു. ശേഷിക്കുന്ന കാലാവധി ഒരു വര്‍ഷത്തില്‍ താഴെയായതിനാല്‍ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ല.
കോണ്‍ഗ്രസിലെ പ്രഫ. പി.ജെ.കുര്യന്‍, കേരള കോണ്‍ഗ്രസിലെ ജോയ് ഏബ്രഹാം, സിപിഎമ്മിലെ സി.പി.നാരായണന്‍ എന്നിവരുടെ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണു പകരം മൂന്നു പേര്‍ക്ക് അവസരം ലഭിച്ചത്. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു സമ്മാനിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തുടരുന്ന പോര്, വോട്ടിങ് ഇല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. ജയിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കു 36 വോട്ടാണു വേണ്ടത്. കേരള കോണ്‍ഗ്രസ് കൂടി വന്നതോടെ യുഡിഎഫിന്റെ അംഗബലം 47 ആയി.

pathram:
Leave a Comment