തൃശൂര്‍: അധ്യാപിക ദീപാ നിശാന്തിനെതിരെ കൊലിവിളി നടത്തിയെന്ന പരാതിയില്‍ ബിജെപി ഐ ടി സെല്‍ ചുമതലക്കാരനായ ബിജു നായര്‍ അറസ്റ്റില്‍. തൃശൂര്‍ വെസ്റ്റ് പൊലീസ് ആണു ബിജു നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ജമ്മു കശ്മീരില്‍ കൊല ചെയ്യപ്പെട്ട എട്ടു വയസ്സുകാരി പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപിക ദീപാ നിശാന്തിനെതിരെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ കൊലവിളി നടത്തിയിരുന്നു. കത്വ സംഭവത്തിന് പിന്നാലെ, സിപിഎം അനുഭാവിയായ ദീപക് ശങ്കരനാരായണന്‍ ഫെയ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ദീപാ നിശാന്ത് റീ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്.
രമേശ് കുമാര്‍ നായര്‍ എന്ന ബിജപി പ്രവര്‍ത്തകന്റെ ഫെയസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് കൊലവിളി ഉണ്ടായത്. അവളുടെ രക്തം കൂടി വേണമെന്നും ക്ഷമയുടെ എല്ലാ പരിധികളും ലംഘിച്ച് പോകുകയാണെന്നും അയാള്‍ പോസ്റ്റില്‍ പറയുന്നു. ഇതിന് പിന്തുണയുമായി ബിജെപി നേതാവായ ബിജു നായര്‍ എന്നയാളുടെ അക്കൗണ്ടില്‍ നിന്നും ‘അതിനായി ഞങ്ങള്‍ ശ്രമിക്കുകയാണ്’ എന്ന കമന്റും വന്നു.
ബിജെപി നേതാവ് ടി ജി മോഹന്‍ദാസ് ദീപക്കിന്റെയും ദീപാ നിശാന്തിന്റെയും മേല്‍വിലാസവും ഫോണ്‍ നമ്പറും പരസ്യപ്പെടുത്തിക്കൊണ്ട് എല്ലാ പ്രവര്‍ത്തകരും ഇരുവര്‍ക്കുമെതിരെ രംഗത്തുവരണമെന്ന് ആഹ്വാനം നല്‍കി. ഇതിന് പിന്നാലെയാണ് രമേഷ് കുമാറും ബിജു നായരും ദീപാ നിശാന്തിനെതിരെ കൊലവിളി നടത്തിയത്.