‘ജെസ്‌നയെ കണ്ടെത്താം’ വിവിധ സ്ഥലങ്ങളില്‍ വിവരശേഖരണപ്പെട്ടികള്‍ സ്ഥാപിച്ച് പോലീസ്…

പത്തനംതിട്ട: ദുരൂഹ സാഹചര്യത്തില്‍ കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്നയെ കണ്ടെത്താന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി പൊലീസ്. ഇതിന്റെ ഭാഗമായി ജെസ്‌ന പഠിച്ചിരുന്ന കോളേജിലും പരിസര പ്രദേശങ്ങളിലും പോലീസ് വിവരശേഖരണപ്പെട്ടികള്‍ സ്ഥാപിച്ചു. അന്വേഷണത്തിന് സഹായകമായ വിവരം ജനങ്ങളില്‍ നിന്ന് ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് പുതിയ നീക്കം.

കാഞ്ഞിരപ്പള്ളിയിലെ ജെസ്നയുടെ കോളെജിലും പരിസരപ്രദേശങ്ങളിലുമാണ് ‘ജെസ്നയെ കണ്ടെത്താം’ എന്നെഴുതിയ പെട്ടികള്‍ സ്ഥാപിച്ചത്. വെച്ചൂച്ചിറ, എരുമേലി, മുണ്ടക്കയം മുക്കൂട്ടുതറ എന്നിവിടങ്ങളിലും പെട്ടികള്‍ സ്ഥാപിക്കും.

ജെസ്നയുമായി പരിചയമുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത് അപവാദങ്ങള്‍ക്കും പരാതികള്‍ക്കും ഇടയാക്കുന്നത് ഒഴിവാക്കാനാണ് ഈ പരീക്ഷണത്തിന് പൊലീസ് മുതിരുന്നത്. എഴുതി നിക്ഷേപിക്കുന്ന കുറിപ്പുകള്‍ക്ക് രഹസ്യസ്വഭാവമുള്ളതിനാല്‍ വിവരം നല്‍കാന്‍ ആളുകള്‍ പേടിയില്ലാതെ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ. വിവരം നല്‍കുന്ന ആളിന്റെ പേരോ വിലാസമോ കുറിപ്പില്‍ രേഖപ്പെടുത്തേണ്ട. ജെസ്നയുടെ സൗഹൃദങ്ങള്‍, പാഠ്യേതര വിഷയങ്ങളിലെ താത്പര്യങ്ങള്‍ തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങള്‍ അറിയാന്‍കഴിഞ്ഞാല്‍ എന്തെങ്കിലും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

ജെസ്നയെ കാണാതായ കേസില്‍ ഇതുവരെ 180ഓളം പേരെ ചോദ്യംചെയ്തു. 100 പേരുടെ മൊഴി രേഖപ്പെടുത്തി. ഒരുലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചു.കഴിഞ്ഞദിവസം 100 പൊലീസുകാരുടെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular