ജെസ്‌നയ്ക്കായി വനത്തില്‍ തെരച്ചില്‍; തെരച്ചില്‍ നടത്തുന്നത് മൂന്നു ജില്ലകളില്‍ നിന്നുള്ള 400 പോലീസുകാര്‍

കോട്ടയം: മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ ജയംസിനെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍നിന്നുള്ള 400 പൊലീസുകാരനാണ് തിരച്ചില്‍ സംഘത്തിലുള്ളത്. എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളിലാണു തിരച്ചില്‍ പുരോഗമിക്കുന്നത്. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് തിരച്ചില്‍ നടത്തുന്നത്. എരുമേലിയില്‍നിന്നു മുണ്ടക്കയത്തേക്കുള്ള ബസിലാണ് ജെസ്ന അവസാനമായി യാത്ര ചെയ്തത്. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണു തിരച്ചില്‍ വനമേഖലയിലേക്കും വ്യാപിപ്പിച്ചത്.

10 സ്‌ക്വാഡുകളായി തിരിഞ്ഞാണു തിരച്ചില്‍. ഒരു ഡിവൈഎസ്പി അഞ്ച് സിഐമാര്‍ എന്നിവരും അന്വേക്ഷണ സംഘത്തിലുണ്ട്. നേരത്തെ ജെസ്നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പൊലീസ പ്രഖ്യാപിച്ചിരുന്നു. ജെസ്‌നയെ കണ്ടെത്തുന്നതിന് സഹായകരമായ വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികമെന്നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്. തിരുവല്ല ഡിവൈഎസ്പിയെ ഇതു സംബന്ധിച്ച വിവരം ലഭിക്കുന്നവര്‍ അറിയിക്കാനാണ് നിര്‍ദേശം. ഇതിനുള്ള ഫോണ്‍ നമ്പര്‍ 9497990035.

തമിഴ് നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതല്ലെന്ന് തെളിഞ്ഞിരുന്നു. ചെങ്കല്‍പ്പേട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം ജെസ്നയുടേതാണെന്ന രീതിയില്‍ വാര്‍ത്താമാധ്യമങ്ങളില്‍ വരികയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് ജെസ്നയുടെ മൃതദേഹമല്ലെന്ന് പറഞ്ഞ് ജെസ്നയുടെ സഹോദരന്‍ ജെയിസ് രംഗത്തു വരികയായിരുന്നു. മൃതദേഹത്തിന്റെ ഉയരത്തിലും പ്രായത്തിലും വ്യത്യാസമുണ്ടെന്നും പല്ലില്‍ കെട്ടിയ കമ്പി ജെസ്നയുടേത് പോലെയല്ലെന്നുമാണ് ജെയിസ് മാധ്യമങ്ങളോട് പറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7