കെവിന്‍ വധക്കേസ്; കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിട്ടേക്കും; അസാധാരണ നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിനാല്‍ യുവാവായ കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരേ അസാധാരണ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പോലീസുകാരെ സേനയില്‍ നിന്ന് പിരിച്ചുവിടാനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഗാന്ധി നഗര്‍ എസ് ഐ അടക്കം കേസില്‍ വീഴ്ച വരുത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടാന്‍ ആലോചിക്കുന്നത്.

കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗര്‍ എസ്‌ഐ എം.എസ്. ഷിബു മറച്ചുവച്ചത് 14 മണിക്കൂറുകളെന്ന് ഐജിയുടെ റിപ്പോര്‍ട്ട്. മേയ് 27 ഞായറാഴ്ച രാവിലെ ആറിനു വിവരം അറിഞ്ഞിട്ടും രാത്രി എട്ടിനു മാത്രമാണ് അന്വേഷണം തുടങ്ങിയത്. കൂടാതെ മുഖ്യമന്ത്രി, ഐജി, എസ്പി എന്നിവരുടെ നിര്‍ദേശം അവഗണിക്കുകയും ചെയ്തു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിഷയത്തെ കുടുംബപ്രശ്‌നമായി ഒഴിവാക്കിയെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്നു ഡിജിപിക്കു കൈമാറും.

കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഒത്താശ നല്‍കിയതിന് പോലീസുകാര്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. ഇതില്‍ ഗുരുതര വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്‌ഐ ഷിബു, എഎസ്‌ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവരെയാണ് പിരിച്ചുവിടാന്‍ ആലോചിക്കുന്നത്. പോലീസ് സേനയ്ക്ക് ആകെ കളങ്കമുണ്ടാക്കിയ സംഭവമെന്ന നിലയ്ക്കാണ് കര്‍ശന നടപടിക്ക് നീക്കം നടക്കുന്നത്.
നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. പ്രതികളെ സഹായിച്ചതിന് പിന്നാലെ പണം വാങ്ങിയതായും കണ്ടെത്തിയതിനെ തുടര്‍ന്ന് ബിജുവിനെയും അജയകുമാറിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അതിനിടെ, കെവിന്‍ കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കെവിന്‍ കൊലക്കേസില്‍ പ്രതിരോധത്തിലായ സിപിഎമ്മിന്റെ വിശദീകരണ യോഗവും ഇന്നാണ്. കോട്ടയം തിരുനക്കര മൈതാനത്തു നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കും.

pathram:
Leave a Comment