കൊച്ചി:കാലാ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ വെബ്‌സൈറ്റിലും എത്തിക്കുമെന്ന ഭീഷണിയുമായി തമിഴ് റോക്കേഴ്‌സ്. സിനിമയുടെ വ്യാജന്‍ പുറത്തിറങ്ങാതിരിക്കാന്‍ നിര്‍മാതാക്കള്‍ ശ്രമം ആരംഭിച്ചുകഴിഞ്ഞു. കേരളത്തിലടക്കം ഗംഭീര റിലീസാണ് കാലാ ലക്ഷ്യമിടുന്നത്. ട്രെയിലര്‍ വന്‍ പ്രചാരം നേടിയതിന് പിന്നാലെയാണ് സിനിമയുടെ വ്യാജന്‍ ഇറക്കുമെന്ന തമിഴ് റോക്കേഴ്‌സിന്റെ ഭീഷണി. റിലീസ് ദിവസം ആദ്യ ഷോക്ക് മുമ്പെ വ്യാജന്‍ വെബ്‌സൈറ്റില്‍ എത്തിക്കുമെന്ന് വെബ്‌സൈറ്റിന്റെ അഡ്മിനിസ്‌ട്രേറ്റേഴ്‌സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
തമിഴ് റോക്കേഴ്‌സിന്റെ പ്രഖ്യാപനത്തോടെ സിനിമയുടെ നിര്‍മാതാക്കള്‍ ആശങ്കയിലായി. നിര്‍മാതാക്കളുടെ സംഘടന പൈറസി വെബ്‌സൈറ്റുകള്‍ക്ക് തടയിടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പുതിയ ചിത്രങ്ങള്‍ യഥേഷ്ടം സൈറ്റില്‍ ലഭ്യമാണ്. തമിഴ് റോക്കേഴ്‌സിന്റെ ഭീഷണിയില്‍ കാലാ നിര്‍മാതാക്കള്‍ എന്ത് നടപടി കൈക്കൊള്ളും എന്ന് കാത്തിരുന്ന് തന്നെ കാണണം. കാവേരി വിഷയത്തില്‍ രജനീകാന്ത് കര്‍ണാടകത്തിനെതിരെ പ്രസ്താവന നടത്തിയിരുന്നു. കര്‍ണാടക അനുകൂല സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇവര്‍ സിനിമയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്നു എന്നും അഭ്യൂഹങ്ങളുണ്ട്.
കര്‍ണാടകയില്‍ സിനിമ റിലീസ് ചെയ്യരുത് എന്നാണ് ഇവരുടെ ആവശ്യം. ജൂണ്‍ 7ന് കേരളത്തിലെ മുന്നൂറിലധികം കേന്ദ്രങ്ങളില്‍ കാലാ റിലീസ് ചെയ്യുന്നുണ്ട്. സിനിമ വന്‍ വിജയം ആയാല്‍ അത് പെരുന്നാള്‍ ചിത്രങ്ങളുടെ തീയറ്റര്‍ ലഭ്യതയെ ബാധിച്ചേക്കും.