ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താന്‍,തനിക്ക് സുരക്ഷയൊരുക്കാന്‍ എസ്ഐ ഉണ്ടായിരുന്നില്ലെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍

കൊല്ലം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം കോട്ടയത്ത് തനിക്ക് സുരക്ഷയൊരുക്കാന്‍ ഗാന്ധിനഗര്‍ എസ്ഐ ഉണ്ടായിരുന്നില്ല എന്ന വാദം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് പിണറായി വിജയന്‍ വീണ്ടും നിലപാട് ആവര്‍ത്തിച്ചത്. ഇരിക്കുന്ന സ്ഥാനത്തോട് മാന്യത പുലര്‍ത്തുന്നതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് നല്ലത് ചെയ്താല്‍ അംഗീകരിക്കും, തെറ്റ് ചെയ്താല്‍ അതിനനുസരിച്ചുള്ള ശിക്ഷ നല്‍കും, ഇതാണ് സര്‍ക്കാരിന്റെ മനോഭാവം.

ഈ കേസില്‍ ഗുരുതരമായ കൃത്യവിലോപം എസ്ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന് പുലര്‍ച്ചെ വിവരം ലഭിച്ചിരുന്നു. ആ സമയത്ത് തന്നെ അന്വേഷിക്കാമായിരുന്നു. രാവിലെ സ്റ്റേഷനില്‍ വന്നപ്പോളും പ്രവര്‍ത്തിക്കാം, ഒരുകാര്യവും ഇതുമായി ബന്ധപ്പെട്ട് എസ്ഐ ചെയ്യാന്‍ തയ്യാറായില്ല. ഇത് അസാധാരണമായ കൃത്യ വിലോപമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവം നടന്ന ദിവസം രാത്രിയും പിറ്റേന്നും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ ഈ ഉദ്യോഗസ്ഥന്‍ എവിടെയും ഇല്ലായിരുന്നുവെന്ന് പിണറായി പറഞ്ഞു.

ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്നും പിണറായി വിജയന്‍ പറഞ്ഞു. ചാനലിലിരുന്നു ആക്രോശിക്കുന്നവര്‍ വിധികര്‍ത്താക്കളാകരുത്. തന്നെ തെരഞ്ഞെടുത്ത് ചാനലുകളല്ല, ജനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ ഒരു കാര്യത്തില്‍ തെറ്റായ നടപടി സ്വീകരിച്ചയാളെ വെള്ളപൂശി പകരം മുഖ്യമന്ത്രിക്ക് എന്തോ ഉത്തരവാദിത്തമുണ്ടെന്നു വരുത്തിത്തീര്‍ക്കാനാണു ശ്രമം. നിങ്ങളീ പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ അറിയാത്ത ആളല്ല ഞാന്‍. എത്രയോ തവണ നമ്മള്‍ തമ്മില്‍ മറുപടി പറഞ്ഞിട്ടുള്ളതുമാണ്. അതൊന്നും ഇപ്പോഴും കൈമോശം വന്നുപോയിട്ടില്ല, മുഖ്യമന്ത്രി പറഞ്ഞു.പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പ്രേമിച്ചു വിവാഹം ചെയ്തവരാണ്. അത് അവര്‍ ഓര്‍ക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7