ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് അനുകൂലമായ നിര്‍ദേശങ്ങള്‍ വരുന്നു. വിമാനയാത്രാ ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചും കണക്ഷന്‍ വിമാനം കിട്ടിയില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചും കരട് വിമാനയാത്രാ നയം. ആഭ്യന്തര സര്‍വീസുകള്‍ക്ക് ബാധകമാകുന്ന രീതിയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് കരടുരേഖ പുറത്തിറക്കിയത്. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചാല്‍ ഇത് പ്രാബല്യത്തിലാകും.
ബുക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ കാന്‍സലേഷന്‍ ഫീസ് ഇല്ലാതെ ടിക്കറ്റ് റദ്ദാക്കാന്‍ അവസരം നല്‍കുന്ന ‘ലോക് ഇന്‍ ഓപ്ഷന്‍’ എന്ന സൗകര്യമാണ് ഇതില്‍ പ്രധാനം. എന്നാല്‍, വിമാനം പുറപ്പെടുന്ന സമയത്തിന്റെ 96 മണിക്കൂര്‍ (നാലു ദിവസം) പരിധിക്കുള്ളിലാണ് ടിക്കറ്റ് ബുക് ചെയ്യുന്നതെങ്കില്‍ ഈ അവസരം ലഭ്യമല്ല. മാത്രമല്ല, കാലാവസ്ഥ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാണ് വിമാനം വൈകുന്നതെങ്കില്‍ വിമാനക്കമ്പനിക്ക് യാതൊരു ഉത്തരവാദിത്തവുമുണ്ടായിരിക്കില്ലെന്നും കരടുരേഖ എടുത്തുപറയുന്നു.
ടിക്കറ്റ് ബുക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റിലെ പേരുമാറ്റല്‍, യാത്രാ തീയതി മാറ്റല്‍ തുടങ്ങിയവ സൗജന്യമായി ചെയ്യാം.
വിമാനം റദ്ദാക്കിയതായുള്ള വിവരം രണ്ടാഴ്ചയ്ക്കകവും 24 മണിക്കൂര്‍ മുന്‍പുമാണ് അറിയിക്കുന്നതെങ്കില്‍ യാത്രക്കാരന്റെ അനുമതിയോടെ രണ്ടു മണിക്കൂറിനുള്ളില്‍ പുറപ്പെടുന്ന മറ്റൊരു വിമാനത്തിലേക്കു ബുക്കിങ് മാറ്റി നല്‍കാം. ടിക്കറ്റ് തുക തിരിച്ചു ചോദിക്കാനും (റീഫണ്ട്) യാത്രക്കാര്‍ക്ക് അവകാശമുണ്ടാകും.
നിശ്ചയിച്ച സമയത്തേക്കാള്‍ നാലു മണിക്കൂര്‍ വിമാനം വൈകിയാല്‍ ടിക്കറ്റിന്റെ മുഴുവന്‍ തുകയും കമ്പനികള്‍ മടക്കി നല്‍കണം. വൈകുന്ന കാര്യം 24 മണിക്കൂര്‍ മുമ്പ് അറിയിക്കണം.
3-4 മണിക്കൂര്‍ വരെ വിമാനം വൈകി കണക്ഷന്‍ സര്‍വീസ് നഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് 5000 രൂപ നഷ്ടപരിഹാരം ലഭിക്കും. 4-12 മണിക്കൂര്‍ വൈകിയാല്‍ 10,000 രൂപ, 12 മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ 20,000 രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരത്തുക.
ടിക്കറ്റ് എടുത്ത് 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കുമ്പോള്‍ യാതൊരു ചാര്‍ജും ഈടാക്കരുത്. വിമാനക്കമ്പനിയോ ഏജന്റുമാരോ പ്രാഥമിക ചാര്‍ജുകള്‍ക്കു പുറമെ യാതൊരു തുകയും ഈടാക്കരുത്. കാന്‍സലേഷന്‍ ചാര്‍ജുകള്‍ ടിക്കറ്റില്‍ അച്ചടിച്ചിരിക്കണം.
ടേക്ക് ഓഫ് ചെയ്താല്‍ വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. മൊബൈല്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഫ്‌ലൈറ്റ് മോഡിലേക്കു മാറ്റണം. 3,000 മീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാനാകും.
ടിക്കറ്റ് ബുക്ക് ചെയ്യാനും റദ്ദാക്കാനും മറ്റുമായി എയര്‍സേവ എന്ന മൊബൈല്‍, വെബ് ആപ്ലിക്കേഷന്‍ പുതുക്കും. സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി എയര്‍സേവ ഉപയോഗിക്കാം. ആകാശയാത്രകളില്‍ വോയിസ്‌ഡേറ്റാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. രാജ്യാന്തര തലത്തില്‍ മുപ്പതിലധികം വിമാനക്കമ്പനികളില്‍ ഈ സൗകര്യമുണ്ട്.
Leave a Comment