കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ കേരളത്തിലേക്കില്ല; സുരക്ഷിതമായി ഹൈദരാബാദിലെത്തിയതായി റിപ്പോര്‍ട്ട്

ബംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാര്‍ ഹൈദരാബാദിലെത്തി. ഇന്നു പുലര്‍ച്ചെയോടെ ബംഗളൂരുവില്‍നിന്ന് യാത്ര തിരിച്ച എംഎല്‍എമാര്‍ രാവിലെയാണ് ഹൈദരാബാദിലെ റിസോര്‍ട്ടിലെത്തിയത്. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ബംഗളൂരുവിട്ടത്. ബസുകളിലാണ് ഇവരെ ഹൈദരാബാദിലേക്ക് കൊണ്ടുപോയത്. ബംഗളുരു അതിര്‍ത്തിയില്‍ നിന്നും ഇരുവിഭാഗം എം.എല്‍.എമാരേയും ഒരുമിച്ചാണ് ഹൈദരബാദിലേക്ക് കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസിന്റെ രണ്ട് എം.എല്‍.എമാര്‍ കൂട്ടത്തിലില്ല എന്നാണ് റിപ്പോര്‍ട്ട്. ആനന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ് കോണ്‍ഗ്രസ് കൂട്ടത്തിലില്ലാത്തത്. മറ്റെല്ലാ എം.എല്‍.എമാരും ബസിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കോണ്‍ഗ്രസ് എം.എല്‍.എമാരെ കൊച്ചിയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വാളയാര്‍ അതിര്‍ത്തിയില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ ഇപ്പോഴും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ എം.എല്‍.എമാര്‍ക്ക് മുറികള്‍ ബുക്ക് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് ഇവിടെയും വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. വിമാനമാര്‍ഗം എം.എല്‍.എമാരെ ഇവിടെ എത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ അതിനു കഴിയാതെ വന്നതോടെ റോഡുമാര്‍ഗം ഹൈദരാബാദിലെത്തിച്ചെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ കോണ്‍ഗ്രസ് പാളയത്തില്‍ ചോര്‍ച്ച തുടരുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസിന്റെ മൂന്ന് എംഎല്‍എമാര്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നാണു സൂചന. വിജയനഗറില്‍നിന്നുള്ള എംഎല്‍എ ആനന്ദ് സിങ് നേരത്തെ തന്നെ ബിജെപിക്കൊപ്പം ചേര്‍ന്നിരുന്നു.

അതിനിടെ ഭൂരിപക്ഷമുണ്ടെന്നു കാട്ടി യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്കു നല്‍കിയ രണ്ടു കത്തുകള്‍ ഇന്നു സുപ്രീംകോടതിയില്‍ ഹാജരാക്കും. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം നല്‍കിയ കത്തില്‍ തങ്ങള്‍ക്കു 117 സീറ്റിന്റെ ഭൂരിപക്ഷമുണ്ടെന്നു പറഞ്ഞിരുന്നു. എന്നാല്‍ യെദ്യൂരപ്പ നല്‍കിയ കത്തിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടുന്നവരെ മാറ്റിനിര്‍ത്തി യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കോടതി തേടുന്നത്. ഇതിനുള്ള ഉത്തരം യെദ്യൂരപ്പയുടെ കത്തുകളില്‍ ഇല്ലെങ്കില്‍ ഗവര്‍ണറുടെ തീരുമാനവും സത്യപ്രതിജ്ഞയുള്‍പ്പെടെയുള്ള തുടര്‍നടപടികളും കോടതിക്കു റദ്ദാക്കാനാകും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7