ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ ഹിറ്റ് സംവിധായകന്മാരുടെ പട്ടികയില്‍ ഇടംനേടിയ വ്യക്തിയാണ് ലിജോ ജോസ് പല്ലിശേരി. അങ്കമാലി ഡയറീസില്‍ തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ ഇ.മൈ.യൗ എന്ന ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയ്ക്ക് കുട്ടിക്കാലത്തെ രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ലിജോ. സ്‌കൂളില്‍ പഠിക്കുന്ന സമയം കൂട്ടുകാരനൊപ്പം ഒളിച്ചോടിയിട്ടുണ്ടെന്ന് ലിജോ പറഞ്ഞു.
ലിജോയുടെ വാക്കുകള്‍:
നാലാം ക്ലാസ് വരെ ഞാന്‍ ഹോസ്റ്റലിലായിരുന്നു. അപ്പോഴൊക്കെ അച്ഛനും (ജോയ് പെല്ലിശേരി) നാടകത്തിന്റെ തിരക്കിലായിരുന്നു. ഞങ്ങള്‍ പരസ്പരം സംസാരിക്കുന്നത് കുറവായിരുന്നു. പിന്നീട് ഞങ്ങള്‍ ഒരു വീട്ടിലേക്ക് മാറി. അന്ന് മുതല്‍ ഞാന്‍ ഡേ സ്‌കോളര്‍ ആയി. അപ്പോഴാണ് അച്ഛനോട് അടുക്കാനുള്ള അവസരം ലഭിച്ചത്.
ഒന്‍പതാം ക്ലാസില്‍ ഞാന്‍ ഒളിച്ചോടിയിട്ടുണ്ട്. അന്ന് എനിക്ക് സ്വാതന്ത്യം ഇല്ലെന്ന് തോന്നിയത് കൊണ്ട് ചെയ്തുപോയി. പിന്നീട് തിരിച്ചുവന്നപ്പോള്‍ വളരെ മനോഹരമായ രംഗമാണ് നടന്നത്. അത് ചെറിയ സംഭാഷണമാണ്. എനിക്ക് പുറത്തുപറയാന്‍ പറ്റില്ല. ആ സീന്‍ ഞാന്‍ ഒരു സിനിമയുടെ ക്ലൈമാക്സ് ആക്കി വച്ചിരിക്കുകയാണ്. പുറത്തുപറഞ്ഞാല്‍ വേറെ ആരെങ്കിലും അടിച്ചുമാറ്റി കൊണ്ടുപോകും.
ഞാനുള്‍പ്പെടെ മൂന്ന് പേരായിരുന്നു പോകാനിരുന്നത്. അവസാന നിമിഷം ഒരാള്‍ പിന്മാറി. പിന്നെ ഞങ്ങള്‍ രണ്ടുപേരും ധൈര്യപൂര്‍വം ഇറങ്ങി. കുറച്ച് കാശൊക്കെ വീട്ടില്‍ നിന്ന് അടിച്ചുമാറ്റിയാണ് പോയത്. തിരുവനന്തപുരത്തേക്കായിരുന്നു യാത്ര. മൂന്ന് നാല് ദിവസം മാത്രമേ പിടിച്ചുനിന്നുള്ളൂ. അപ്പോഴേക്കും വീട്ടില്‍ നിന്നും ആളുകള്‍ ഞങ്ങളെ പൊക്കികൊണ്ടി വന്നു.