ഇന്ന് ഒട്ടുമിക്ക ആളുകളും ബുദ്ധിമുട്ടുന്നത് അമിത വണ്ണം മൂലമാണ്. ഇനി ശരീരഭാരം കുറയ്ക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ഉരുളക്കിഴങ്ങ് കഴിച്ച് ശരീരഭാരം കുറയ്ക്കാമെന്നു കണ്ടെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ലീഡ്‌സ് സര്‍വകലാശാല ഗവോഷകര്‍. ഉരുളക്കിഴങ്ങും ചോറും പാസ്തയും ധാരാളമായി ഭക്ഷിക്കുന്നത് വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമത്രേ.
വിഷമയമില്ലാത്ത പഴങ്ങള്‍, കൊഴുപ്പ് കുറഞ്ഞ ഇറച്ചി, മീന്‍ വര്‍ഗങ്ങള്‍, മുട്ട, പയര്‍ വര്‍ഗങ്ങള്‍ എന്നിവയും ഇതേ ഗുണം ചെയ്യുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
ഡോ. നിക്കോളാ ബക്‌ലന്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കാലറിയും ഗ്ലൈസെമിക് ഇന്‍ഡ്ക്‌സും കുറഞ്ഞ ആഹാരങ്ങള്‍ ശരീരഭാരത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതാണ് വിശകലനം ചെയ്തത്. ഇതിനായി സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ അമിത ശരീരഭാരമുള്ള 90 പേരെ പഠനത്തില്‍ ഉള്‍പ്പെടുത്തി. ഇവരെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചു. ആദ്യത്തെ ഗ്രൂപ്പില്‍ പെട്ടവരോട് കാലറി കുറഞ്ഞതും ഗ്ലൈസെമിക് ഇന്‍ഡക്‌സ് കൂടിയതുമായ ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെട്ടു. രണ്ടാമത്തെ ഗ്രൂപ്പുകാര്‍ കഴിച്ചത് കാലറിയും ഗ്ലൈസെമിക് ഇന്‍ഡക്‌സും കുറഞ്ഞ ആഹാരങ്ങളായിരുന്നു. മൂന്നാമത്തെ ഗ്രൂപ്പുകാരോട് അവര്‍ക്കിഷ്ടപ്പെട്ട എന്ത് ആഹാരവും കഴിക്കാനാണ് ഗവേഷകര്‍ ആവശ്യപ്പെട്ടത്.ഈ മൂന്ന് ഗ്രൂപ്പിലുള്ളവര്‍ക്കും ഉരുളക്കിഴങ്ങും നല്‍കി. ഓരോ ആഴ്ചയിലും അ!ഞ്ചു മുതല്‍ ഏഴു വരെ ഉരുളക്കിഴങ്ങ് കഴിക്കണമെന്ന നിര്‍ദ്ദേശവുമുണ്ടായിരുന്നു. 12 ആഴ്ച നീണ്ടുനിന്ന പഠനത്തിനൊടുവില്‍ മൂന്നു ഗ്രൂപ്പിലുള്ളവര്‍ക്കും വലിയ വ്യത്യാസങ്ങളൊന്നുമില്ലാതെ ശരീരഭാരം കുറഞ്ഞതായി കണ്ടെത്തി.
ആരോഗ്യകരമായ രീതിയില്‍ ഭക്ഷണത്തില്‍ ഉരുളക്കിഴങ്ങ് ഉള്‍പ്പെടുത്തിയാല്‍ ശരീരഭാരം കുറയുമെന്ന് ഗവേഷകര്‍ പറയുന്നു. അമേരിക്കന്‍ കോളജ് ഓഫ് ന്യൂട്രീഷന്‍ ജേണലില്‍ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്