‘ഭീഷണി കേട്ട് പേടിക്കാന്‍ വേറെ ആളെ നോക്കണം’ ശോഭാ സുരേന്ദ്രന് ചുട്ടമറുപടിയുമായി ഷാനി

ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് മറുപടിയുമായി മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന്‍. ഭീഷണി കേട്ട് പേടിക്കാന്‍ വേറെ ആളെ നോക്കണമെന്നായിരിന്നു ‘പറയാതെ വയ്യ’ എന്ന പരിപാടിയിലൂടെ ഷാനിയുടെ മറുപടി.

വസ്തുതകള്‍ക്കു മുന്നില്‍ ഉത്തരം മുട്ടുമ്പോള്‍ ഇത് ചെറിയ കളിയല്ലെന്നു ഭീഷണിപ്പെടുത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. അതു കേട്ടു പേടിക്കാന്‍ വേറെ ആളെ നോക്കണം. അല്ലെങ്കില്‍ സത്യം പറയുന്നവരെ തൂക്കിക്കൊല്ലാന്‍ നിങ്ങളൊരു നിയമമുണ്ടാക്ക് എന്നും ഷാനി പ്രഭാകരന്‍ പറഞ്ഞു.

ഇന്ത്യയെന്ന വലിയ രാജ്യത്തിലെ പ്രധാനമന്ത്രിയ്ക്ക് പച്ചയ്ക്ക് അസത്യം പറയാന്‍ ധൈര്യം നല്‍കുന്നതെന്താണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി സത്യം വളച്ചൊടിക്കുമ്പോള്‍ തലകുനിക്കുന്നത് ഇന്ത്യയെന്ന രാജ്യമാണ്. ദയവായി ഇന്ത്യയെ അപമാനിക്കരുതെന്നും ഷാനി പരിപാടിയില്‍ പറഞ്ഞു.

വെറുപ്പും വിദ്വേഷവും നുണകളും സമാസമം ചേര്‍ന്ന സംഘപരിവാര്‍ മിശ്രിതമല്ല ഈ ദേശത്തെ ബഹുഭൂരിപക്ഷത്തിന്റേയും തലയിലെന്ന് നിങ്ങള്‍ മനസിലാക്കണം. ചരിത്രത്തിലും വര്‍ത്തമാനത്തിലും വിഷം കലര്‍ത്തി പാവങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പുകളില്‍ ഇനിയും നിങ്ങള്‍ ജയിച്ചേക്കാം.

പക്ഷേ ജനാധിപത്യത്തിന് തെറ്റുകള്‍ തിരുത്താന്‍ കഴിവുണ്ടെന്ന് ചരിത്രം തരുന്ന ഒരു ആത്മവിശ്വാസമുണ്ട്. ഉറപ്പിച്ചു പറയുന്നു. ഒരല്‍പം വൈകിയാലും ഇന്ത്യ ഈ ഹീനമായ രാഷ്ട്രീയത്തെ അതിജീവിക്കുമെന്നും ഷാനി പറഞ്ഞു. നേരത്തെ, പ്രധാനമന്ത്രിയുടെ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചക്കിടെ ഷാനി പഭാകരനുനേരെ ഭീഷണിയുമായി ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് അംഗം ശോഭാസുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

ഭഗത് സിംഗ് ജയിലില്‍ കഴിയവേ കോണ്‍ഗ്രസിന്റെ ഒരു നേതാവും അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചിട്ടില്ലെന്നായിരുന്നു മോദിയുടെ പ്രസംഗം. എന്നാല്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഭഗത് സിംഗിനെ ജയിലില്‍ പോയി സന്ദര്‍ശിച്ച കാര്യം അവതാരക പറഞ്ഞെങ്കിലും ഒരു വ്യക്തി സ്വയം എഴുതിയ ആത്മകഥ എങ്ങിനെയാണ് ചരിത്രമായി അംഗീകരിക്കുക എന്നായിരുന്നു ശോഭാസുരേന്ദ്രന്റെ വാദം.

നെഹ്റുവിന്റെ ആത്മകഥയുടെ മുന്നില്‍ ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇതിനെ കുറിച്ച് ആരാഞ്ഞ അവതാരകയോട് ഷാനി പറഞ്ഞത് അപ്പാടെ വിഴുങ്ങാന്‍ തയ്യാറാല്ലെന്നും ഷാനിയുടെ ചര്‍ച്ചകള്‍ ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7